കൊച്ചി: അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശന വിഷയം ഉന്നയിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അജയ് തറയില്‍ അനാവശ്യ വിവാദം സൃഷ്ടിച്ച് മാധ്യമശ്രദ്ധ നേടാനുള്ള വില കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി.
അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം കേരളത്തില്‍ വര്‍ഷങ്ങള്‍ മുന്‍പേ ചര്‍ച്ച ചെയ്തതാണ്. ഇക്കാര്യത്തില്‍ സമവായമുണ്ടാക്കാന്ദേവസ്വം ബോര്‍ഡുകള്‍ നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് ഐക്യവേദി ജനറല്‍ സെക്രട്ടറി ആര്. വി. ബാബു പ്രസ്താവിച്ചു.
ക്ഷേത്ര വിശ്വാസികളായ അഹിന്ദുക്കള്‍ ക്ഷേത്രാചാരങ്ങള്‍ പാലിച്ചുകൊണ്ട് ക്ഷേത്ര ആരാധന നടത്തുന്നതിനെ എതിര്‍ക്കേണ്ടതില്ല. യേശുദാസിനെ പോലുള്ള അഹിന്ദുക്കളായ ഭക്തര്‍ക്കു മുന്നില്‍ ക്ഷേത്ര വാതിലുകള്‍ കൊട്ടിയടക്കുന്നതിനോട് ഒട്ടും യോജിക്കാനാവില്ല. മതേതര പ്രതിച്ഛായ ഉയര്‍ത്തിക്കാട്ടാനുള്ള വെപ്രാളമാണ് അജയ് തറയിലിന്റേത്.
ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന അഹിന്ദുക്കള്‍ നല്കുന്ന പ്രതിജ്ഞാ പത്രം മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന പ്രസ്താവന അതാണ് വ്യക്തമാക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ എത്തുന്ന അഹിന്ദുക്കളായ ഭക്തര്‍ തങ്ങള്‍ ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നു എന്ന് പറഞ്ഞ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് മതപരിവര്ത്തനമാകുന്നതെങ്ങനെയെന്ന് ബോര്‍ഡ് മെമ്പര്‍ വ്യകതമാക്കണം.
ക്ഷേത്രം ഒരു ഹിന്ദു മത സ്ഥാപനമാണെന്നും ഒരു മതേതര സ്ഥാപനമല്ലെന്നും അറിയാത്തവരാണോ ദേവസ്വം ബോര്‍ഡ് ഭരിക്കുന്നത്, ബാബു ചോദിച്ചു.
ദേവസ്വം ബോര്‍ഡ് മെമ്പറായത് തന്റെ മതേതര പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു എന്നാണ് തോന്നുന്നതെങ്കില്‍ അജയ് തറയില്‍ ആ സ്ഥാനത്ത് നിന്ന് രാജിവയ്ക്കുകയാണ് ഉചിതം.
മതപരിവര്‍ത്തനം ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിയമപരമായി നടത്തിവരുന്നത് അവസാനിപ്പിക്കാനുള്ള ഗൂഢശ്രമമാണോ ഇതെന്നും സംശയിക്കണം. ഹിന്ദുമതത്തിന്റെ പോഷണവും അഭിവൃദ്ധിയും ലക്ഷ്യം വച്ചു കൊണ്ടാണ് ക്ഷേത്രങ്ങള്‍ പരിപാലിക്കേണ്ടതെന്നിരിക്കെ, രാഷ്ട്രീയ താല്പര്യം മുന്‍നിര്‍ത്തി താല്‍ക്കാലിക വിശ്വാസികളായെത്തുന്ന രാഷ്ട്രീയ നേതൃത്വമാണ് ക്ഷേത്രഭരണം നടത്തുന്നതെന്ന് ബാബു കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: