തിരുവനന്തപുരം: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളെ വിവാദങ്ങള്‍ സൃഷ്ടിച്ച് വിവാദമാക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി ബാലഗോകുലം. ശ്രീകൃഷ്ണജയന്തി ശോഭായാത്രകള്‍ നടക്കുന്ന അതേ സ്ഥലത്ത് അതേ സമയത്ത് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഘോഷായാത്രകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത് അതിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ ബാലഗോകുലം ആരോപിച്ചു.
ഭക്ത്യാദരപൂര്‍വം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കേരള സമൂഹം ആഘോഷിച്ചുവരുന്ന മഹോത്സവമാണ് ശ്രീകൃഷ്ണജയന്തി- ബാലദിനം. കുട്ടികളും സ്ത്രീകളും അടക്കം സമൂഹത്തിന്റെ സമ്പൂര്‍ണ്ണ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാണ് ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍. ഭജനകീര്ത്തനങ്ങളുമായി കേരളത്തിന്റെ വീഥിയില്‍ നിറഞ്ഞുനില്ക്കുന്ന ശോഭായാത്രകള്‍ ഏവര്‍ക്കും ആനന്ദം പകരുന്നതാണ്.
എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളെ വിവാദങ്ങള്‍ സൃഷ്ടിച്ച് വിവാദമാക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നു . കഴിഞ്ഞവര്‍ഷം കണ്ണൂര്‍ ജില്ലയില്‍ ഉണ്ടായ അനിഷ്ടസംഭവങ്ങള്‍ ഇതിന്റെ ഫലമാണ്. ഈ വര്‍ഷവും സിപിഎം ഘോഷയാത്രയുടെ പേരില്‍ പോലീസില്‍നിന്ന് ബാലഗോകുലത്തിന് ശോഭായാത്രയ്ക്ക് അനുമതി കിട്ടാത്ത സാഹചര്യമുണ്ട്.
ജൂലൈ 31 നുതന്നെ കണ്ണൂര്‍ പോലീസ് സൂപ്രണ്ടിനെ നേരില്‍ കണ്ട് ശോഭായാത്രകള്‍ നടക്കുന്ന സ്ഥലങ്ങളുടെ പൂര്‍ണ്ണ വിവരം നല്‍കിയിരുന്നു. കേരളത്തിലുടെ നീളം സെപ്റ്റമ്പര്‍ 12-ന് വൈകിട്ട് 3 മുതല്‍ രാത്രി 8.30 വരെ നീളുന്ന ശോഭായാത്രയും മറ്റ്് ആഘോഷപരിപാടികളും നടത്താനുള്ള അനുവാദവും കണ്ണൂര്‍ ജില്ലയില്‍ നിര്‍ഭയം ശോഭായാത്ര നടത്താനുള്ള സാഹചര്യവും സുരക്ഷിതത്വവും ഉറപ്പാക്കണമെന്നും സംസ്ഥാന അധ്യക്ഷന്‍ കെ പി ബാബുരാജ്, സമിതിയംഗം ഡി നാരായണ ശര്‍മ്മ എന്നിവര്‍ നേരിട്ടു മുഖ്യമന്ത്രിക്ക് നലകിയ നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: