ആലപ്പുഴ: അറുപത് മണിക്കൂറിലെ ദുരിതത്തിനൊടുവില്‍ ക്ഷീണമൊന്നും പ്രകടിപ്പിക്കാതെ പരമാവധി തലയുയര്‍ത്തി ബാലകൃഷ്ണന്‍ പാലം കയറി നടന്നു. പാലം കുലുങ്ങിയില്ല, ബാലനും. അനന്തന്‍കരിക്കാര്‍ ആശ്വാസത്തിലായി.
രണ്ടു തവണ ഇടഞ്ഞ ആന പൂര്‍ണമായും മെരുങ്ങിയ ശേഷം അനന്തന്‍കരി തുരുത്തില്‍ നിന്നു പുറത്തേക്കു കൊണ്ടുവന്നാല്‍ മതിയെന്നാണു നേരത്തെ തീരുമാനിച്ചിരുന്നത്. തുരുത്തിലേക്കുള്ള പാലത്തിലൂടെ ആനയെ നടത്തിക്കലായിരുന്നു പ്രധാന വെല്ലുവിളി. എന്നാല്‍ യാതൊരു പ്രശ്‌നവും ഉണ്ടാക്കാതെ ആന പാലം കടന്നു.
തുറവൂര്‍ മന്നത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്കാണ് ആനയെ മാറ്റിയത്. ഇന്നലെ ഉച്ചയോടെ വനം വകുപ്പിന്റെ മൃഗഡോക്ടര്‍ എത്തി പരിശോധിച്ചശേഷമാണ് മാറ്റാന്‍ തീരുമാനിച്ചത്.
അതിനിടെ തുറവൂരില്‍ ആനയിടഞ്ഞോടി ചതുപ്പില്‍പ്പെട്ട സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആനയെ അലക്ഷ്യമായി കൈകാര്യം ചെയ്തതിനാണു കേസ്. രണ്ട് പാപ്പാന്‍മാര്‍ക്കും ഒരു സഹായിക്കും വാഹന ഉടമയ്‌ക്കും എതിരെയാണു കേസ്.
ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിനാണ് ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന മുല്ലയ്‌ക്കല്‍ ബാലകൃഷ്ണന്‍ എന്ന ആന തുറവൂരില്‍ ഇടഞ്ഞോടി അനന്തന്‍കരി തുരുത്തിലെ ചതുപ്പില്‍ അകപ്പെട്ടത്. പതിനേഴ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ആനയെ രക്ഷിച്ചത്. ഇതിനു ശേഷവും ആന ഇടയുകയും വീടുകള്‍ തകര്‍ക്കുകയും ചെയ്തു. പിന്നീട് രണ്ട് തവണ മയക്കുവെടി വച്ച് ആനയെ തളയ്‌ക്കുകയായിരുന്നു.
ആന തകര്‍ത്ത വീടുകളുടെ ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ റോഡില്‍ കഞ്ഞിവച്ച് പ്രതിഷേധിച്ചു. ആന തകര്‍ത്ത വീട്ടുകാര്‍ ഇപ്പോഴും മറ്റു വീടുകളിലാണ് കഴിയുന്നത്. പ്രതിഷേധം ശക്തമായതോടെ തുറവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത സോമനും പോലീസും ഇടപെട്ടാണ് പ്രശ്‌നം താത്കാലികമായി പരിഹരിച്ചത്. നഷ്ടപരിഹാരം നല്‍കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉറപ്പു നല്കിയിരുന്നു.
















