തിരുവനന്തപുരം: സ്വകാര്യ ചിട്ടി ഉടമ 600 കോടിയോളം രൂപ വെട്ടിച്ച് മുങ്ങിയതായി പരാതി. കളിയിക്കാവിള പളുകല്‍ മത്തമ്പാല നിര്‍മ്മല്‍ കൃഷ്ണ ബാങ്കേഴ്‌സ് ഉടമ നിര്‍മ്മലനാണ് സ്ഥാപനം അടച്ചു മുങ്ങിയത്. പതിനായിരത്തോളം പേരില്‍ നിന്ന് 600 കോടിയോളം നിക്ഷേപമുള്ള സ്ഥാപനമാണിത്.
നാല്‍പത് വര്‍ഷത്തോളം പഴക്കമുള്ള സ്ഥാപനത്തില്‍ ദിവസവും കോടിക്കണക്കിന് രൂപയുടെ ഇടപാടുകളാണ് സ്ഥാപനത്തില്‍ നടന്നത്. നോട്ട് നിരോധനത്തോടെയാണ് നിക്ഷേപകര്‍ കുറഞ്ഞത്. തുടര്‍ന്ന് മാസങ്ങളായി പലിശ മുടങ്ങിയിരുന്നെങ്കിലും മുതല്‍ അടക്കം എല്ലാ തുകയും മാസങ്ങള്‍ക്കക്കം മടക്കിനല്‍കാമെന്നാണ് ബാങ്കുകാര്‍ അറിയിച്ചിരുന്നത്.
ഒരു ലക്ഷം രൂപയ്‌ക്ക് 1400 രൂപയാണ് പലിശ നല്‍കിയിരുന്നത്.
ലക്ഷങ്ങള്‍ നിക്ഷേപിച്ചിരുന്നവര്‍ക്ക് വിവാഹ ആവശ്യത്തിനായി കഴിഞ്ഞ ദിവസം പണം നല്‍കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഓണാവധി കഴിഞ്ഞ് അടുത്ത ദിവസം രാവിലെ പണം എടുക്കാന്‍ എത്തിയപ്പോഴാണ് നോട്ടിസ് പതിപ്പിച്ചു ബാങ്ക് അടച്ചിട്ടിരിക്കുത് കാണുന്നത്. അഡ്വക്കേറ്റിന്റെ പേരിലുള്ള നോട്ടീസില്‍ സ്ഥാപനത്തിന്റെ എല്ലാ ഇടപാടുകളും കോടതി മുഖേന ആയിരിക്കുമെന്നാണ് കാണിച്ചിരുന്നത്.
റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ മുടക്കിയ തുക തിരിച്ച് ലഭിക്കാത്തതാണ് തകര്‍ച്ചയ്‌ക്ക് കാരണമെന്നാണ് ബാങ്ക് ജീവനക്കാരുടെ വാദം. ബാങ്ക് പൂട്ടിയതറിഞ്ഞ് കഴിഞ്ഞ ദിവസം നൂറോളം നിക്ഷേപകര്‍ ബാങ്ക് പരിസരത്ത് തടിച്ചുകൂടിയിരുന്നു. മണിക്കുറുകളോളം റോഡില്‍ ഗതാഗത കുരുക്കുണ്ടായി. പരാതികള്‍ സ്വീകരിച്ച് നിക്ഷേപകരെ മടക്കി അയയ്‌ക്കാന്‍ പോലീസ് ഏറെ പണിപ്പെട്ടു.
















