കണ്ണൂര്‍: സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുളള സാക്ഷരതാ പദ്ധതി ജില്ലയിലും ആരംഭിച്ചു. ആദ്യഘട്ടത്തില്‍ ചിറക്കല്‍ പഞ്ചായത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സമഗ്ര സര്‍വെ നടത്തി വിവരങ്ങള്‍ ക്രോഡീകരിച്ചതിനുശേഷമാണ് ക്ലാസുകള്‍ ആരംഭിക്കുക. പഠിതാക്കളെ വിവിധ സ്ഥലങ്ങളിലും സമയങ്ങളിലും നടക്കുന്ന കലാസുകളിലേക്ക് എത്തിക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുളള പാഠപുസ്തകം ഹമാരി മലയാളം എന്ന പേരില്‍ സാക്ഷരതാ മിഷന്‍ തയ്യാറാക്കികഴിഞ്ഞു.
ജില്ലയില്‍ ഏതാണ്ട് മൂന്ന് ലക്ഷത്തിലധികം ഇതര സംസ്ഥാന തൊഴിലാളികളുണ്ട് എന്നതാണ് അനൗദേ്യാഗിക കണക്ക്. ആദ്യഘട്ടത്തില്‍ ഇവരെ മലയാളമാണ് പഠിപ്പിക്കുക. അക്ഷരപഠനത്തോടൊപ്പം ആരോഗ്യം, ശുചിത്വം, കേരള സംസ്‌കാരം തുടങ്ങിയ മേഖലകളില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. ഭാഷാപഠനത്തിലൂടെ അവരെ കേരള സംസ്‌കാരവുമായി സമന്വയിപ്പിക്കുക എന്ന ലക്ഷ്യവും പദ്ധതി ലക്ഷ്യമാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ വിപുലമായ സംഘാടക സമിതി രൂപീകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. പൊലീസ്, തൊഴില്‍, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി തയ്യാറാക്കുന്നത്.
















