ന്യൂദല്‍ഹി: ബിജെപി ഭഗാവോ, ദേശ് ബചാവോ…എന്നു പറഞ്ഞാല്‍ ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന്…ഇന്ന് പാറ്റ്‌നയില്‍ ആര്‍ജൈഡി നേതാവ് ലാലു പ്രസാദ് യാദവ് സംഘടിപ്പിക്കുന്ന പ്രതിപക്ഷ കക്ഷികളുടെ റാലിയില്‍ ഉയര്‍ത്താനുള്ള മുദ്യാവാക്യമാണിത്.
പക്ഷേ, മുദ്യാവാക്യം വിളിക്കാന്‍ പതിവു പോലെ രാഹുല്‍ ഗാന്ധിയില്ല. ഇത്തവണ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ പറക്കുന്നത് നോര്‍വേയിലേക്ക്.
ബിജെപിയെ പരാജയപ്പെടുത്താന്‍ ഒന്നിച്ചു നില്‍ക്കണം എന്ന് ആഹ്വാനം ചെയ്തിട്ട്, മറ്റ് കക്ഷികളെ പറ്റിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ മുങ്ങുന്നത് ഇതാദ്യ സംഭവമല്ല. വിനോദ സഞ്ചാരം, അമ്മൂമ്മയെ ശുശ്രൂഷിക്കല്‍ തുടങ്ങിയതൊക്ക കാരണമായി പറയാറുണ്ട് രാഹുല്‍. നോര്‍വേയുടെ വിദേശകാര്യമന്ത്രാലയം വിളിച്ചിരിക്കുന്നു എന്നാണ് ഇത്തവണ രാഹുലിന്റെ ന്യായീകരണം.
നോര്‍വെ വിദേശകാര്യ മന്ത്രാലയത്തിന്റെ ക്ഷണം കിട്ടിയിരിക്കുന്നു, കുറച്ചു ദിവസത്തേക്ക് ഒസ്ലോയിലേക്കു പോകുന്നു എന്ന് രാഹുല്‍ തന്നെയാണ് ട്വിറ്ററില്‍ കുറിച്ചത്. സെപ്തംബര്‍ ഒന്നിന് ഗുജറാത്തിലെ പദ്രി ജില്ലയില്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന റാലിയിലും രാഹുല്‍ പങ്കെടുക്കില്ല. അപ്പോഴേക്ക് തിരിച്ചെത്തില്ല നോര്‍വേയില്‍ നിന്ന്.
മുഖ്യമന്ത്രി നിതീഷ് കുമാര്‍ മഹാസഖ്യം വിട്ടത് തന്നെ ക്ഷീണിപ്പിച്ചിട്ടില്ല എന്നു കാണിക്കാനാണ് ലാലു ഇത്തരത്തില്‍ ഒരു റാലി സംഘടിപ്പിക്കുന്നത്. നോര്‍വേ യാത്ര പറഞ്ഞ് രാഹുല്‍ വിട്ടു നില്‍ക്കുന്നത് മാത്രമല്ല, ബിഎസ്പി നേതാവ് മായാവതിയുമില്ല റാലിക്ക്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, ജനതാദള്‍(യു) നേതാവ് ശരത് യാദവ് തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിക്കുന്നത് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദാണ്.
എന്നാല്‍ ലാലു സംഘടിപ്പിക്കുന്ന പരിപാടിയില്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്നതിനെക്കുറിച്ച് പാര്‍ട്ടിയുടെ ബീഹാര്‍ ഘടകത്തില്‍ ഭിന്നതയുമുണ്ട്. ബീഹാറിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനു തിരിച്ചു വരവിനു സാധ്യതയുണ്ടെന്നാണ് സംസ്ഥാന ഘടകത്തിലെ ഭൂരിപക്ഷത്തിന്റേയും അഭിപ്രായം. ലാലുവിന്റെ ആര്‍ജെഡിയില്‍ നിന്ന് സോണിയ ഗാന്ധിയും രാഹുലും അകന്നു നില്‍ക്കുന്നതാണ് നല്ലതെന്നാണ് ബീഹാര്‍ കോണ്‍ഗ്രസിലെ പ്രധാന നേതാക്കളുടെ അഭിപ്രായം. ലാലുവുമായി അടുക്കുന്നത് മുന്നാക്ക സമുദായങ്ങളില്‍ നിന്ന് കോണ്‍ഗ്രസിനെ അകറ്റുമെന്നാണ് മുതിര്‍ന്ന നേതാവ് കിഷോര്‍ കുമാര്‍ ഝായുടെ അഭിപ്രായം.
















