ഭുവനേശ്വര്‍: ദാനാ മാജിയെന്ന പേരും ഭാര്യയുടെ മൃതദേഹം തോളിലേറ്റിയുള്ള ആ മനുഷ്യന്റെ ദയനീയമായ യാത്രയും ആരും മറക്കാന്‍ ഇടയില്ല. ക്ഷയം ബാധിച്ച് മരിച്ച ഭാര്യ അമാംഗയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വാഹനം പിടിക്കാന്‍ പണമില്ലായിരുന്നു. അതിനാല്‍ മാജി മകളെയും കൂട്ടി ഭാര്യയുടെ മൃതദേഹം പത്തു കിലോമീറ്റര്‍ ചുമന്നു. അതിന്റെ കരളലിയിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും വാര്‍ത്തകളും സകല മാധ്യമങ്ങളും കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒഡീഷയില്‍ നിന്നുള്ള വാര്‍ത്ത ആരെയും പിടിച്ചുലയ്‌ക്കുന്ന ഒന്നായിരുന്നു.
ഒരു വര്‍ഷത്തിനിപ്പുറം മാജിയുടെ ജീവിതം മാറി മറിഞ്ഞിരിക്കുന്നു. മാജിയുടെ ദുരിതം അറിഞ്ഞ് അന്ന് പലരും കൈ അയച്ച് സഹായങ്ങള്‍ നല്‍കി. അങ്ങനെ മാജിക്ക് ലഭിച്ചത് 37 ലക്ഷത്തിലേറെ രൂപയാണ്. തീര്‍ന്നില്ല, കാളഹന്തിയില്‍ നിന്ന് താമസം മാറ്റിയ മാജി മെല്‍ഘാരയിലാണ് ഇപ്പോള്‍ താമസിക്കുന്നത്. മറ്റൊരു വിവാഹം കൂടി കഴിച്ചിരിക്കുന്നു. റായ്ഗഡ് സ്വദേശിനി അല്‍മതി ദേവിയെന്ന 34കാരിയാണ് പുതിയ ഭാര്യ.
ആദ്യഭാര്യയുടെ മരണത്തെ തുടര്‍ന്നാണ് അമാംഗയെ വിവാഹം കഴിച്ചത്. അല്‍മതി മൂന്നാം ഭാര്യയാണ്. അമാംഗയുടെ മരണശേഷം മാജിക്ക് ഇന്ദിരാ ആവാസ് യോജന വഴി സര്‍ക്കാര്‍ വീട് നല്‍കി. അങ്ങനെ മാജിയാകെ മാറി, സ്വത്ത്, പുത്തന്‍ ഭാര്യ…
പക്ഷെ മൂന്നു മക്കള്‍ ഇന്നും വേദനയിലാണ്. ഭുവനേശ്വറിലെ കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലാണ് മാജിയുടെ പെണ്‍മക്കളായ ചാന്ദ്നി, പ്രമീള, സോനെയി എന്നിവര്‍ പഠിക്കുന്നത്. അമ്മയുടെ മരണമുണ്ടാക്കിയ വേദനയും ശൂന്യതയും മറികടക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. അതിനു പുറമേ അച്ഛന്റെ പുതിയ ഭാര്യയുമായി ഒത്തുപോകാനും കഴിയുന്നില്ല.
പുതിയ വിവാഹം കഴിഞ്ഞതോടെ അച്ഛന്‍ വല്ലപ്പോഴുമാണ് മക്കളെ കാണാന്‍ എത്തുന്നത്. ഇവരെ കാണാന്‍ മാജി വരുന്നതും അവരോട് സംസാരിക്കുന്നതും പുതിയ ഭാര്യയ്‌ക്ക് ഇഷ്ടമല്ലത്രെ. അവധിക്ക് ചാന്ദ്‌നി വീട്ടില്‍ പോയില്ല. മറ്റു രണ്ടു പേരും പോയെങ്കിലും പുതിയ അമ്മയുമായി ചേരാന്‍ സാധിക്കാതെ ഹോസ്റ്റലിലേക്ക് മടങ്ങി.
















