ചണ്ഡീഗഡ്: ദേരാ സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങിന്റെ ഹരിയാനയിലെ കുരുക്ഷേത്രയിലെ ആശ്രമത്തില്‍ നിന്നും അനുയായികളെ ഒഴിപ്പിച്ച ശേഷം സൈന്യം നടത്തിയ പരിശോധനയില്‍ നിരവധി മാരകായുധങ്ങള്‍ കണ്ടെടുത്തു.
ഹരിയാനയിലെ ദേരാ സച്ച സൗദയുടെ ഒന്‍പത് ഓഫീസുകള്‍ പൂട്ടിച്ചതായി പോലീസ് അറിയിച്ചു. ആശ്രമത്തിനുള്ളില്‍ നിരവധി അനുയായികള്‍ തടിച്ചു കൂടി നില്‍ക്കുന്നതിനിടയിലും ഉള്ളില്‍ പ്രവേശിച്ച സൈന്യം ഫ്ളാഗ് മാര്‍ച്ച് നടത്തുകിയിരുന്നു.
നേരത്തെ ഗുര്‍മീത് റാമിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ പഞ്ചാബ് ആന്‍ഡ് ഹരിയാന കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ആക്രമണങ്ങളിലുണ്ടായ നഷ്ടം നികത്താനാണ് സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടത്. മുഴുവന്‍ ദേര ആശ്രമങ്ങളും അടച്ചുപൂട്ടി അന്തേവാസികള്‍ ഒഴിഞ്ഞുപോകണമെന്നും കോടതി നിര്‍ദേശിച്ചു.
അതേസമയം, കലാപങ്ങളുടെ പശ്ചാത്തലത്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിളിപ്പിച്ചു.
















