കട്ടപ്പന: കട്ടപ്പന പൗരാവലിയും സമീക്ഷ സാംസ്‌കാരിക കേന്ദ്രവും സംയുക്തമായി നടത്തിയ അത്തച്ചമയ ഘോഷയാത്ര കട്ടപ്പന ടൗണിനെ വര്‍ണങ്ങളിലാറാടിച്ചു.
കുടുംബശ്രീ യൂണിറ്റുകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, എസ്എച്ച്ജികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെ നടന്ന പരിപാടിയില്‍ തൃശൂരില്‍ നിന്നുള്ള പുലികളി, മാവേലി മത്സരം, ഇരുചക്ര വാഹന പ്രച്ഛന്നവേഷ മത്സരം, ചെണ്ടമേളം, തെയ്യം, പൊയ്‌ക്കാല്‍ നൃത്തം, റോളര്‍ സ്‌കേറ്റിങ്, നിശ്ചല ദൃശ്യങ്ങള്‍ തുടങ്ങിയവ അണിനിരന്നു.
ടൗണ്‍ ഹാള്‍ പരിസരത്ത് നിന്നാരംഭിച്ച ഘോഷയാത്ര മിനി സ്‌റ്റേഡിയത്തില്‍ സമാപിച്ചു. സാംസ്‌കാരിക സമ്മേളനം ജോയ്‌സ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്തു. ജോയി ആനിത്തോട്ടം അധ്യക്ഷത വഹിച്ചു. നൂറുകണക്കിന് ആളുകളാണ് ഘോഷയാത്രയില്‍ പങ്കെടുത്തത്.
















