കഞ്ഞിക്കുഴി: കഞ്ഞിക്കുഴി തട്ടേക്കല്‍ ഗ്രാമം സഞ്ചാര യോഗ്യമായ റോഡ് ഇല്ലാത്തതിനാല്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കഞ്ഞിക്കുഴി പഞ്ചായത്തിലെ തട്ടേക്കല്‍ റോഡ് നിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച സമരത്തിലേക്ക്. വര്‍ഷങ്ങളായി യാത്രാദുരിതം നേരിടുന്ന തട്ടേക്കല്‍ നിവാസികള്‍ അധികാരികള്‍ക്ക് നിരവധി തവണ നിവേദനം നല്‍കിയിട്ടും യാതൊരുവിധ നടപടികളും ഉണ്ടാവാത്ത സാഹചര്യത്തിലാണ് ജനകീയ സമരം ആരംഭിക്കുവാന്‍ യുവമോര്‍ച്ച തീരുമാനിച്ചത്.
ഇതിന്റെ ആദ്യ ഘട്ടം എന്ന നിലയില്‍ ജനകീയ ഒപ്പ് ശേഖരണം നടത്തി എംഎല്‍എ, എംപി എന്നിവര്‍ക്കു നിവേദനം നല്‍കുവാനും തീരുമാനിച്ചതായി യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അനന്ദു മങ്കാട്ടില്‍ പറഞ്ഞു. കഞ്ഞിക്കുഴിയില്‍ നടന്ന യോഗത്തില്‍ യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി സനല്‍ സഹദേവന്‍, പഞ്ചായത്ത് കമ്മിറ്റി അംഗം, ബൈജു സി എന്‍, സുധീഷ് സി എസ്, നിധീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
















