ന്യൂദല്‍ഹി: 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ വലിയ വിജയം ലക്ഷ്യമിട്ട് ബിജെപിയും കേന്ദ്രസര്‍ക്കാരും. വരുന്ന തെരഞ്ഞെടുപ്പില്‍ മിഷന്‍ 350 എന്ന ലക്ഷ്യമിട്ട് മുന്നോട്ടു പോകാനാണ് ബിജെപിയുടെ തീരുമാനം. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ ചേര്‍ന്ന പ്രധാന നേതാക്കളുടെയും കേന്ദ്രമന്ത്രിമാരുടേയും യോഗത്തിലാണ് തീരുമാനം.
350ലേറെ സീറ്റുകളില്‍ വിജയിക്കാനാവശ്യമായ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാനായിരുന്നു യോഗം ചേര്‍ന്നത്. ദേശീയ തലത്തിലെ പ്രധാന നേതാക്കളും എട്ടോളം കേന്ദ്രമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു. ബംഗാള്‍ മുതല്‍ കേരളം വരെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാനായിരുന്നു യോഗം. ഓരോകേന്ദ്രമന്ത്രിക്കും അഞ്ച് ലോക്‌സഭാ സീറ്റുകളുടെ ചുമതല നല്‍കിയിട്ടുണ്ട്. കേന്ദ്രപെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് കേരളത്തിന്റെ ചുമതല.
ആസാം, ബംഗാള്‍, ഒറീസ, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 150 ലോക്‌സഭാ സീറ്റുകളാണ് ബിജെപി-എന്‍ഡിഎ ലക്ഷ്യമിടുന്നത്. വിവിധ സംസ്ഥാന ഘടകങ്ങളില്‍ നിന്നായി ഇതിനാവശ്യമായ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കേന്ദ്രം തേടിയിട്ടുണ്ട്. ഇത്തരം ഘടകങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിവിധ സംസ്ഥാനങ്ങളില്‍ പര്യടനം തുടരുന്നത്.
എല്ലാ സംസ്ഥാനങ്ങളിലും മൂന്നു ദിവസം നീളുന്ന 110 ദിന പര്യടനമാണ് ദേശീയ അധ്യക്ഷന്‍ നടത്തുന്നത്. നിലവില്‍ മധ്യപ്രദേശിലാണ് ദേശീയ അധ്യക്ഷന്റെ പരിപാടികള്‍. ജൂലൈ മാസം കേരളത്തിലെ പരിപാടികള്‍ പൂര്‍ത്തിയായിരുന്നു. സംസ്ഥാന-ജില്ലാ നേതാക്കള്‍, ജനപ്രതിനിധികള്‍, ബുദ്ധിജീവികള്‍, തുടങ്ങി വിവിധ മേഖലയിലുള്ളവരുമായി കൂടിക്കാഴ്ച നടത്തിക്കൊണ്ടാണ് ദേശീയ അധ്യക്ഷന്റെ പര്യടനം പുരോഗമിക്കുന്നത്.
ബംഗാളിന്റെ ചുമതല ജെ.പി. നദ്ദയ്‌ക്കും മനോജ് സിന്‍ഹയ്‌ക്കുമാണ്. രവിശങ്കര്‍ പ്രസാദിന് ആസാമിന്റെയും നിര്‍മ്മല സീതാരാമന് കര്‍ണ്ണാടകത്തിന്റെയും ചുമതലകള്‍ നല്‍കിയിട്ടുണ്ട്. പീയൂഷ് ഗോയലിനാണ് തമിഴ്‌നാടിന്റെ ചുമതല. അടുത്ത തെരഞ്ഞെടുപ്പ് വരെ ചുമതല ലഭിച്ച കേന്ദ്രമന്ത്രിമാര്‍ അഞ്ചു ലോക്‌സഭാ മണ്ഡലങ്ങളിലും നിരന്തരം സന്ദര്‍ശനം നടത്തും. ഇതിന് പുറമേ 600 മുഴുവന്‍ സമയ പ്രവര്‍ത്തകരെയും ലോക്‌സഭാ മണ്ഡലങ്ങളിലെ പ്രവര്‍ത്തന മേല്‍നോട്ടത്തിനായി നിയോഗിച്ചിട്ടുണ്ട്.
2014ല്‍ 282 സീറ്റുകളുമായി ബിജെപി അധികാരത്തിലെത്തിയപ്പോള്‍ 120 ലോക്‌സഭാ മണ്ഡലങ്ങളില്‍ ആദ്യമായാണ് താമര വിരിഞ്ഞത്. ഈ മണ്ഡലങ്ങളിലെ വിജയം നിലനിര്‍ത്തുകയെന്നതാണ് പ്രധാന ലക്ഷ്യം. ഇതില്‍ പകുതി സീറ്റുകള്‍ നിലനിര്‍ത്തിയാല്‍ പോലും ബിജെപിക്ക് തനിച്ച് 350 സീറ്റുകള്‍ നേടാനാവുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ പ്രതീക്ഷ.
















