കോട്ടയം: ജീവനക്കാരെ വഞ്ചിക്കുന്നതില്‍ ഇരുമുന്നണികള്‍ക്കും ഒരേ നയമാണെന്ന് എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി ആര്‍. ശ്രീകുമാര്‍ പറഞ്ഞു. സംഘിന്റെ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തസ്തികകള്‍ വെട്ടിക്കുറച്ചതിനെതിരെ സമരം ചെയ്തവര്‍ ജലവിഭവ വകുപ്പില്‍ മാത്രം 1199 തസ്തികകള്‍ വെട്ടിക്കുറച്ചപ്പോള്‍ പ്രതികരണശേഷി പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ്. രാഷ്‌ട്രീയ മാനദണ്ഡം അടിസ്ഥാനമാക്കി ജീവനക്കാരെ സ്ഥലം മാറ്റുന്നു.
ജീവനക്കാരെ സ്ഥലം മാറ്റത്തിലൂടെ മാനസികമായി അക്രമിച്ച് തളര്‍ത്തുവാനാണ് ശ്രമിക്കുന്നത്. എവിടേയ്‌ക്ക് സ്ഥലം മാറ്റിയാലും ജോലി ആരാധനയായി കണ്ട് ആത്മാര്‍ത്ഥതയോടെ പണിയെടുക്കുമെന്നും ജീവനക്കാരന്റെ ക്ഷേമമാണ് എന്‍ജിഒ സംഘിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ. വിനോദ് അധ്യക്ഷനായിരുന്നു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് വി.എസ് പ്രസാദ്, കെ. രാജേഷ് മോഹന്‍, കെ.വി ഗണേഷ്‌കുമാര്‍, പി.കെ രമേശ്കുമാര്‍, ജി.എന്‍ രാംപ്രകാശ്, ജയ്‌മോള്‍ ഷാജി, കെ. വിശ്വംഭരന്‍, കെ. ജയരാജ്, പി.എ ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
‘അസഹിഷ്ണുതയുടെ കേരള മാതൃക’ എന്ന വിഷയത്തില്‍ ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് എസ്. ഹരികുമാര്‍ പ്രഭാഷണം നടത്തി.
















