തളിപ്പറമ്പ്: റിട്ട ഡെപ്യൂട്ടി രജിസ്ട്രാര്‍ ബാലകൃഷ്ണന്റെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വത്തുക്കളും പണവും തട്ടിയെടുക്കാന്‍ ഇദ്ദേഹം മരിക്കുന്നതിന് മുന്നേ തന്നെ പ്രതികള്‍ തയ്യാറെടുപ്പ് നടത്തിയതായി പോലീസിന് തെളിവ് ലഭിച്ചു. 2011 സെപ്തംബര്‍ 12 നാണ് ബാലകൃഷ്ണന്‍ മരിച്ചത്.
എന്നാല്‍ 2011 ഏപ്രില്‍ 7 ന് പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചതായി അന്വേഷണസംഘം കണ്ടെത്തി. റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് ഇത്തരം രേഖകള്‍ കൈക്കലാക്കിയതെന്നും കണ്ടെത്തിയിട്ടുണ്ട്. 250 കോടിയോളം രൂപയുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാനായിരുന്നു പയ്യന്നൂരിലെ അഭിഭാഷക കെ.കെ.ശൈലജയുടെയും ഭര്‍ത്താവ് കൃഷ്ണകുമാറിന്റെയും പദ്ധതി. ശൈലജയും ഭര്‍ത്താവ് കൃഷ്ണകുമാറും ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാലുടന്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
നെടുമ്പാശ്ശേരി വഴിയോ മംഗലാപുരം വഴിയോ ഇരുവരും വിദേശത്തേക്ക് കടക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി ഇവരുടെ പാസ്‌പോര്‍ട്ട് നമ്പറുകള്‍ സഹിതമാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്. തുടര്‍ന്ന് ഇവരുടെ ഫോട്ടോ പൊതുകേന്ദ്രങ്ങളിലും മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കും. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിക്കുന്നവരെക്കുറിച്ചും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെയും കേസെടുക്കുമെന്നാണ് സൂചന. കേസന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ചീഫ് യോഗേഷ് ചന്ദ്ര ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിട്ടുണ്ട്.
ബാലകൃഷ്ണന്റെ ദുരൂഹമരണം, നിയമവിരുദ്ധമായി തുടരന്വേഷണം അവസാനിപ്പിക്കാനുണ്ടായ സാഹചര്യം, നിര്‍ണായക സാക്ഷികളെ കണ്ടെത്തല്‍, മരണാസന്നനായ ബാലകൃഷ്ണനുമായി പ്രതികള്‍ കൊടുങ്ങല്ലൂരില്‍ എത്താനുണ്ടായ സാഹചര്യം എന്നിവയാണ് ഈ കേസിന്റെ ഭാഗമായി തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് അന്വേഷണം നടത്തുക.
ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫെയ്‌മസ് വര്‍ഗ്ഗീസിനാണ് അന്വേഷണച്ചുമതല. 16 ന് നടക്കുന്ന യോഗത്തിന് മുമ്പ് കേസ് ഫയല്‍ എസ്പിക്ക് നല്‍കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
















