കണ്ണൂര്‍:സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ ഭര്‍ത്താവ് പാര്‍ട്ടി പ്രവര്‍ത്തകയായ ദളിത് യുവതിയെ മര്‍ദ്ദിച്ച സംഭവം വിവാദമായതോടെ സിപിഎം ഉന്നത നേതൃത്വം ഇടപെട്ട് പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ നീക്കം. ഇതിന്റെ ഭാഗമായി അതിക്രമത്തിനിരയായ യുവതി തനിക്ക് മര്‍ദ്ദനമേറ്റിട്ടില്ലെന്ന നിഷേധക്കുറിപ്പുമായി രംഗത്തെത്തി. പാര്‍ട്ടി നേതൃത്വം സമ്മര്‍ദ്ദം ചെലുത്തി പത്രക്കുറിപ്പിറക്കിപ്പിക്കുകയായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയുടെ വാര്‍ത്താസമ്മേളനത്തിനിടെയാണ് യുവതി നല്‍കിയ കുറിപ്പും വിതരണം ചെയ്തത്. മന്ത്രിയുടെ ഭര്‍ത്താവ് ശബ്ദമുയര്‍ത്തി സംസാരിച്ചിരുന്നുവെന്നും ആള്‍ക്കാരുടെ കൂട്ടത്തില്‍ നിന്നും അദ്ദേഹം അത്തരത്തില്‍ സംസാരിച്ചതില്‍ തനിക്ക് മനോവിഷമം ഉണ്ടാകുക മാത്രമാണ് ചെയ്തതെന്നുമാണ് പത്രക്കുറിപ്പില്‍ പറയുന്നത്.
പരാതിയെത്തുടര്‍ന്ന് ശൈലജയുടെ ഭര്‍ത്താവ് കെ.ഭാസ്‌കരനെതിരെ നടപടിയടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രനേതൃത്വം ഇടപെട്ടുവെന്ന് വാര്‍ത്തകള്‍ വന്നു. ഇതോടെ പാര്‍ട്ടിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന വാദവുമായി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജില്ലാ സെക്രട്ടറി പി.ജയരാജനും രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നിയമസഭയിലും സംഭവം നിഷേധിച്ചു.
മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ് ദിവസമാണ് മന്ത്രിയുടെ ഭര്‍ത്താവ് ദളിത് യുവതിയെ മര്‍ദ്ദിച്ച സംഭവം പുറത്തായത്. ദ ഡിവൈഎഫ്‌ഐ വനിതാ നേതാവും മട്ടന്നൂര്‍ നഗരസഭാംഗവുമായ യുവതിയാണ് പരാതിപ്പെട്ടത്. സിപിഎം ഏരിയാ കമ്മിറ്റിയംഗവും മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനുമായ ഭാസ്‌കരന്‍ പരസ്യമായി മര്‍ദ്ദിച്ചതായി യുവതി പരാതി നല്‍കിയെന്ന വാര്‍ത്തകള്‍ ഇന്നലെ പല മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 21-ാം വാര്‍ഡായ പെരിഞ്ചേരി ബൂത്തില്‍ ഓപ്പണ്‍വോട്ട് സംബന്ധിച്ച് തര്‍ക്കമുണ്ടായി. സിപിഎം ബൂത്ത് ഏജന്റായിരുന്ന യുവതിയും പോളിങ് ഉദ്യോഗസ്ഥനും തമ്മിലായിരുന്നു തര്‍ക്കം. ബൂത്തിലെത്തിയ ഭാസ്‌കരനോട് പോളിങ് ഉദ്യോഗസ്ഥനെക്കുറിച്ച് യുവതി പരാതിപ്പെട്ടു. എന്നാല്‍ ഭാസ്‌കരന്‍ പോളിങ് ഉദ്യോഗസ്ഥന്റെ പക്ഷം ചേരുകയും യുവതിയെ ചീത്തവിളിക്കുകയും തല്ലുകയും ചെയ്‌തെന്നാണ് പരാതി.
ബാങ്ക് എംപ്ലോയീസ് യൂണിയന്‍ നേതാവായ ഭര്‍ത്താവിനെ യുവതി വിവരമറിയിക്കുകയും ഇയാളും ഭാസ്‌കരനും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തു. പോലീസില്‍ പരാതിപ്പെടാനൊരുങ്ങിയ യുവതിയെ നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിച്ചു. തുടര്‍ന്നാണ് കോടിയേരിക്കും പി.ജയരാജനും പരാതി നല്‍കിയത്. സംഭവം ഒതുക്കിത്തീര്‍ക്കാനുളള നീക്കം ജനാധിപത്യ മഹിളാ അസോസിയേഷനിലും വ്യാപക പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്.
സഭയില്‍ പോര്
തിരുവനന്തപുരം: മട്ടന്നൂരില്‍ പാര്‍ട്ടിപ്രവര്‍ത്തകയായ യുവതിയെ സിപിഎം നേതാവ് മര്‍ദ്ദിച്ചതിനെതിരെ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ പോര്. ശൂന്യവേളയില്‍ സബ്മിഷന് മുമ്പ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് വിഷയം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. മട്ടന്നൂരില്‍ മന്ത്രിയുടെ ഭര്‍ത്താവും മുന്‍ നഗരസഭാ ചെയര്‍മാനും കൂടിയായ കെ. ഭാസ്‌കരന്‍ മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ പാര്‍ട്ടിയുടെ ബൂത്ത്ഏജന്റും മുന്‍ നഗരസഭാ കൗണ്‍സിലറുമായ ദളിത് യുവതിയെ ചെകിട്ടത്തടിച്ചെന്നും തെറിപറഞ്ഞെന്നും മാധ്യമങ്ങളെ ഉദ്ധരിച്ച് പ്രതിപക്ഷനേതാവ് ആരോപിച്ചു.
പാര്‍ട്ടി ജില്ലാഘടകത്തിലും സംസ്ഥാനഘടകത്തിലും യുവതി പരാതി നല്കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് അവര്‍ കേന്ദ്രഘടകത്തിന് പരാതി നല്കുകയായിരുന്നു. ഇക്കാര്യം മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഇത്രയൊക്കെ സംഭവിച്ചിട്ടും സര്‍ക്കാരോ ആഭ്യന്തരവകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിയോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പോലീസ് ഇക്കാര്യം അന്വേഷിക്കുന്നില്ലെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
എന്നാല്‍ ഇത് വ്യാജവാര്‍ത്തയാണെന്നും പോലീസിന് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. മട്ടന്നൂരില്‍ എല്‍ഡിഎഫിന് ലഭിച്ച അഭിമാനകരമായ വിജയം മറച്ചുവയ്‌ക്കാന്‍ പ്രതിപക്ഷം ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് ശ്രമിക്കുകയാണ്.
എല്‍ഡിഎഫ് വിജയത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ഇത്തരം വാര്‍ത്തകള്‍ കെട്ടിച്ചമയ്‌ക്കുന്നത്. ആരോപണം വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമാണ്. സിപിഎം കേന്ദ്രകമ്മിറ്റിക്ക് പരാതി ലഭിച്ചാല്‍ അത് ആദ്യം മാധ്യമങ്ങള്‍ക്കല്ല കൈമാറുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ പ്രതിപക്ഷം ബഹളമാരംഭിച്ചു. ഭരണപക്ഷവും അതേ നാണയത്തില്‍ മറുപടി നല്കാന്‍ ആരംഭിച്ചതോടെ സഭ പ്രക്ഷുബ്ധമായി.
















