ന്യൂദല്‍ഹി: അയോദ്ധ്യ കേസില്‍ അന്തിമവാദം ഡിസംബര്‍ അഞ്ചിന് തുടങ്ങുമെന്ന് സുപ്രീംകോടതി. അന്തിമവാദം തുടങ്ങിയാല്‍ കേസ് പിന്നീട് മാറ്റിവെക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസിലെ രണ്ട് കക്ഷിക്കാരും സമയക്രമം കര്‍ശനമായി പാലിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
കേസുമായി ബന്ധപ്പെട്ട രേഖകള്‍ വിവര്‍ത്തനം നടത്തുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് ഹരജിക്കാര്‍ കോടതിയില്‍ വാദിച്ചു. നാല് മാസം കൂടി നല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ സുപ്രീംകോടതി ഇത് അംഗീകരിച്ചില്ല. രേഖകളുടെ വിവര്‍ത്തനം നടത്തുന്നതിന് 12 ആഴ്ചത്തെ സമയം സുപ്രീംകോടതി അനുവദിച്ചു.
അയോധ്യയിലെ തര്‍ക്ക ഭൂമി മൂന്ന് കക്ഷികള്‍ക്കായി വിഭജിച്ച് നല്‍കിയ അലഹബാദ് ഹൈകോടതി വിധിക്കെതിരായ അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. സുന്നി വഖഫ് ബോര്‍ഡ്, രാം ലല്ലാ വിരാജ്മാന്‍, നിര്‍മോഹി അഖാര എന്നിവരാണ് കേസിലെ കക്ഷികള്‍.
















