തൊടുപുഴ: പുറപ്പുഴയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിടിയില്‍. നെല്ലാപ്പാറ കല്ലേല്‍ റ്റിജു(24), കണ്ണൂര്‍ തില്ലങ്കരി സ്വദേശി സുജിത്ത്(25) എന്നിവരെയാണ് കരിങ്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പായ 308 പ്രകാരം വധശ്രമത്തിനാണ് കേസ്.
റ്റിജുവും സുജിത്തും പുറപ്പുഴ പോളിടെക്‌നിക്കിലെ വിദ്യാര്‍ത്ഥികളായിരുന്നു. മൂലമറ്റം സെന്റ്. ജോസഫ് കോളേജില്‍ എംഎസ്ഡബ്ല്യൂവിന് പഠിക്കുകയാണ് സുജിത്ത്. ചൊവ്വാഴ്ച രാത്രി 8 മണിയോടെ ഉണ്ടായ ആക്രമണത്തില്‍ പുറപ്പുഴ ആര്‍എസ്എസ് ശാഖാ ശിക്ഷകായ പുറപ്പുഴ വിളയില്‍ സൂരജ് വി എസിനും ബിഎംഎസ് പ്രവര്‍ത്തകനായ പുറപ്പുഴ കന്യായില്‍ രഞ്ജിത്ത് കെ ആറിനുമാണ് വെട്ടേറ്റത്. ഇരുവര്‍ക്കും തലയില്‍ എട്ടും അഞ്ചും വീതം സ്റ്റിച്ചുകള്‍ ഉണ്ട്. ബൈക്കിലും കാറിലുമായെത്തിയ
ഡിവൈഎഫ്‌ഐ ഗുണ്ടാസംഘം രാഖി കെട്ടിയവരെ തെരഞ്ഞ് പിടിച്ച് ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റ ഇരുവരും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസിലെ മറ്റ് പ്രതികളെ പോലീസ് അന്വേഷിച്ച് വരികയാണ്. പോലീസ് പ്രതികള്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന ആക്ഷേപം ഉയരുന്നുണ്ട്.
വെട്ടേറ്റ് ആശുപത്രിയില്‍ കഴിയുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരെ ഡിസ്ചാര്‍ജ് ചെയ്യണമെന്ന ആവശ്യമായി തൊടുപുഴ സി.ഐ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തി.മഫ്തിയിലാണ് സി.ഐ എത്തിയത്. തലയ്‌ക്ക് ഗുരുതമായി പരിക്കേറ്റതിനാല്‍ ഇവരെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഡോക്ടര്‍ തയ്യാറായില്ല. തുടര്‍ന്ന് സി.ഐ മടങ്ങിപ്പോയി. പ്രതികളെ പിടികൂടാന്‍ തയ്യാറാകാതെ വെട്ടേറ്റവരെ അറസ്റ്റ് ചെയ്യാനുള്ള സി.ഐയുടെ ശ്രമമാണ് പൊളിഞ്ഞത്.
















