ആലപ്പുഴ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും പ്രഥമ പരിഗണന നല്‍കുമെന്ന് ജില്ല പോലീസ് മേധാവി എസ്. സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പോലീസ് സ്റ്റേഷനുകളെ പൊതു ജനങ്ങള്‍ക്ക് ഭയരഹിതമായി കയറിചെല്ലാവുന്ന ഇടമാക്കി മാറ്റും. രാപ്പകല്‍ വ്യത്യാസമില്ലതെ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ പോലീസ് ഒപ്പമുണ്ടാകും.
ദേശീയപാതയില്‍ യാത്രക്കാര്‍ക്ക് സുരക്ഷ ശക്തമാക്കുന്നതിന് പട്രോളിങ് കാര്യക്ഷമമാക്കും. ആലപ്പുഴ നഗരത്തില്‍ ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും.
വാഹനാപകടങ്ങള്‍ കുറയ്‌ക്കുന്നതിനും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ കുറക്കുന്നതിനും കര്‍ശന നടപടികള്‍ സ്വീകരിക്കും. സദാചാര പോലീസിങ് പോലുള്ള പ്രവണതകള്‍ കര്‍ശനമായി നിയന്ത്രിക്കും.
കഞ്ചാവ് ലഹരി മാഫിയകള്‍ക്ക് എതിരെ പ്രത്യേക സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. ജനമൈത്രി പോലീസിന്റെ കീഴില്‍ വിവിധ സന്നദ്ധ സംഘടനകളെ സഹകരിപ്പിച്ചു വിവിധ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
















