സ്വന്തം ലേഖകന്‍
കുന്നത്തൂര്‍: പ്രകൃതിയ്ക്ക് വിനാശകാരിയായ പ്ലാസ്റ്റിക്ക് ക്യാരീ ബാഗുകള്‍ പഞ്ചായത്തുകള്‍ നിരോധിച്ചെങ്കിലും, നിരോധനം ഫലം കാണാതെ പോകുന്നു. ശാസ്താംകോട്ട, ശൂരനാട് തെക്ക് പഞ്ചായത്തുകളിലായി മൂന്ന് ദിവസം നടന്ന പരിശോധനയില്‍ തന്നെ നൂറുകണക്കിന് കിലോ നിരോധിത പ്ലാസ്റ്റിക്ക് കവറുകളാണ് പിടിച്ചെടുത്തത്.
വിരലിലെണ്ണാവുന്ന കടകളില്‍ നടന്ന പരിശോധനയില്‍ നിന്നു മാത്രമാണ് ഇത്രയേറെ പ്ലാസ്റ്റിക് പിടിച്ചെടുത്തത്. കൂടുതല്‍ കടകളില്‍ പരിശോധന നടത്തിയാല്‍ ഇതിന്റെ പതിന്മടങ്ങ് പ്ലാസ്റ്റിക്ക് ബാഗുകള്‍ ലഭിക്കും.
പരിശോധനകള്‍ വ്യാപകമായി നടത്താത്തതും ബോധവത്ക്കരണ പ്രചാരണങ്ങളുടെ അഭാവവുമാണ് നിരോധനം ഫലം കാണാതെ പോകുന്നതിന്റെ പ്രധാന കാരണം. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്ക് കവറുകളാണ് നിലവില്‍ നിരോധിച്ചിട്ടുള്ളത്. 50ന് മേലുള്ളത് വില്പന നടത്താന്‍ പഞ്ചായത്തിന് ഫീസടച്ച് പ്രത്യേക ലൈസന്‍സ് നേടണം. പഞ്ചായത്ത്, ആരോഗ്യവകുപ്പ് പ്ലാസ്റ്റിക് വര്‍ജ്ജനത്തെ പ്രോത്സാഹിപ്പിക്കാന്‍ ആവശ്യമായ ഒരു നടപടികളും കൈക്കൊള്ളുന്നില്ല. 50 മൈക്രോണിന് മേലുള്ള പ്ലാസ്റ്റിക്ക് കവറുകള്‍ വില്‍ക്കാനുള്ള ലൈസന്‍സ് എടുക്കാത്തതിനുള്ള പിഴ ഈടാക്കുക മാത്രമാണ് അധികൃതര്‍ ചെയ്യുന്നത്.
ഓണസീസണാവുന്നതോടെ പ്ലാസ്റ്റിക്ക് ക്യാരീബാഗുകളുടെ ഉപയോഗം ഉയരും. ഇത് തടയാന്‍ അധികൃതരുടെ കര്‍ശനമായ പരിശോധനയുണ്ടാകും. പ്ലാസ്റ്റിക്കിന് ബദലായ തുണി, പേപ്പര്‍ ബാഗുകളുടെ ലഭ്യതകുറവും, കൂടിയ വിലയും വ്യാപാരികളെ ഇവയില്‍ നിന്നുമകറ്റുന്നു.
സാധനങ്ങള്‍ വാങ്ങുമ്പോള്‍ തുണിക്യാരീ ബാഗുകളുടെ തുക നല്കാന് ഉപഭോക്താക്കളും തയ്യാറാകുന്നില്ല.
ഇത്തരം സാഹചര്യങ്ങള്‍ മൂലം നിരോധിത പ്ലാസ്റ്റിക്ക് കവറുകള്‍ ഉപയോഗി ക്കാന്‍ നിര്‍ബന്ധിതരാകുകയാണ്. നിലവില്‍ ചില കുടുംബശ്രീ യൂണിറ്റുകളും, സ്വയംസഹായ സംഘങ്ങളും തുണി, പേപ്പര്‍ബാഗുകള്‍ തുച്ഛമായ രീതിയില്‍ നിര്‍മ്മിക്കുന്നുണ്ട്. പരിസ്ഥിതി സൗഹാര്‍ദപരമായ ക്യാരീ ബാഗുകള്‍ കുറഞ്ഞ വിലയ്ക്ക് വിപണിയിലെത്തിക്കാന്‍ പഞ്ചായത്തുകള്‍ക്ക് സാധിച്ചാല്‍ മാത്രമേ പ്ലാസ്റ്റിക്ക് നിരോധനം ഫലവത്താകു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: