ന്യൂദല്‍ഹി: കേരളത്തിലെ ഇടതു ഭരണം സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ത്തുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ആക്രമരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന പിണറായി സര്‍ക്കാരിന്റെ സമാധാന ചര്‍ച്ചകളില്‍ വിശ്വാസമില്ലെന്നും അവര്‍ പറഞ്ഞു. പാര്‍ലമെന്റിനു പുറത്ത് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അവര്‍. ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയവര്‍ക്കെതിരെ നടപടികളെടുക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഈ മാസം ആറാം തീയതി കേന്ദ്രധനമന്ത്രി അരുണ്‍ജയ്റ്റ്ലി കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ട ആര്‍എസ്എസ് കാര്യവാഹ് രാജേഷിന്റെ വീട് സന്ദര്‍ശിക്കുന്നുണ്ട്. സിപിഐ(എം) ആക്രമിച്ച തിരുവനന്തപുരത്തെ ബിജെപി വാര്‍ഡ് കൗണ്‍സിലര്‍മാരുടെ വീടുകളിലും ജയ്റ്റലി സന്ദര്‍ശനം നടത്തുന്നുണ്ട്.
ആര്‍എസ്എസിലെ മുതിര്‍ന്ന നേതാക്കളായ ഭയ്യാജി ജോഷി, ജോയിന്റ് സെക്രട്ടറിമാരായ കൃഷ്ണ ഗോപാല്‍, ദത്താത്രേയ ഹൊസബലെ എന്നിവര്‍ കേരള ഗവണ്മെന്റിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
”ഒരു പ്രത്യയശാസ്ത്രത്തിനുവേണ്ടി ആരേയും കൊല്ലരുത്. ഇത് രാഷ്ട്രീയാവബോധത്തിന്റെ കാര്യമാണ്. ഇതിനെതിരെ എല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിക്കണം”- ബിജെപി ജനറല്‍ സെക്രട്ടറി ഭൂപേന്ദര്‍ യാദവ് പറഞ്ഞു. കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ സിപിഐ(എം) പ്രവര്‍ത്തകരെ പോലെയാണ് പെരുമാറുന്നത്. 17 മാസങ്ങള്‍ക്കുളളില്‍ 17 കൊലപാതകങ്ങളാണ് ഇവിടെ നടന്നത്”- യാദവ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: