ന്യൂദല്‍ഹി: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ വീണ്ടും പാര്‍ലമെന്റില്‍. രാജ്യസഭയില്‍ ബിജെപി എംപി വിനയ് സഹസ്രബുദ്ധെ കേരളത്തിലെ അക്രമസംഭവങ്ങള്‍ ഉന്നയിച്ചു. ദളിത് വിഭാഗങ്ങളെക്കുറിച്ച് വാചാലരാകുന്ന സിപിഎം ബിജെപിക്കൊപ്പം നില്ക്കുന്ന ദളിത് നേതാക്കളെ കൊലപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്ക് രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത സാഹചര്യമാണ് കേരളത്തിലുള്ളതെന്നും ഇടത് ഭരണത്തില്‍ അക്രമം വര്‍ദ്ധിച്ചുവെന്നും സഹസ്രബുദ്ധെ കുറ്റപ്പെടുത്തി.
ലോക്സഭയില്‍ ബിജെപി- ഇടത് എംപിമാരുടെ രൂക്ഷമായ വാക്കേറ്റത്തെ തുടര്‍ന്ന് നടപടികള്‍ നിര്‍ത്തിവെച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്രശ്നത്തില്‍ ഗൗരവപൂര്‍വം ഇടപെടണമെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ സഹമന്ത്രി മുക്താര്‍ അബാസ് നഖ്വി ചൂണ്ടിക്കാട്ടി. കേരളത്തില്‍ താലിബാനിസമാണ് നടക്കുന്നതെന്ന് ബുധനാഴ്ച ബിജെപി എംപിമാരായ മീനാക്ഷി ലേഖിയും പ്രഹ്ലാദ് ജോഷിയും ലോക്സഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച് ബിജെപി എരിതീയില്‍ എണ്ണയൊഴിക്കുകയാണെന്നാണ് ഇടത് എംപിമാരുടെ ആരോപണം. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം ജനറല്‍ സെക്രട്ടറിയുടെയും പേരുകള്‍ സഭയില്‍ പരാമര്‍ശിച്ചതിനെ സിപിഎം എംപി പി. കരുണാകരന് അപലപിച്ചു. പിണറായി വിജയനെയും സീതാറാം യെച്ചൂരിയേയും പാര്‍ട്ടിയെയും ബിജെപി എംപിമാര്‍ ഭീകരര്‍ എന്നാണു വിശേഷിപ്പിച്ചത്. സഭയില്‍ എത്താന്‍ കഴിയാത്ത ആളുകളുടെ പേരില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ചട്ടവിരുദ്ധമാണെന്നും ബിജെപി എംപിമാര്‍ പ്രസ്താവന പിന്‍വലിച്ചു മാപ്പു പറയണമെന്നും കരുണാകരന് ആവശ്യപ്പെട്ടു.
ഇതില്‍ പ്രതിഷേധവുമായി ബിജെപി എംപിമാര്‍ എഴുന്നേറ്റു. സിപിഎം അംഗങ്ങളും ശബ്ദം ഉയര്‍ത്തിയതോടെ സഭ ബഹളത്തില്‍ മുങ്ങി. സിപിഎം അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംപിമാര്‍ വിഷയം ഏറ്റെടുത്ത് പ്രത്യാക്രമണത്തിന് ഒരുങ്ങിയതോടെ സഭ ഇരുപതുമിനിറ്റ് നേരത്തേക്കു സ്പീക്കര്‍ സുമിത്ര മഹാജന് നിര്‍ത്തിവെച്ചു.
വീണ്ടും സഭ ചേര്‍ന്നപ്പോഴും സിപിഎം അംഗങ്ങള്‍ പ്രതിഷേധവുമായി സ്പീക്കറുടെ ചേംബറിനു മുന്നിലേക്കു നീങ്ങി. വിഷയം വീണ്ടും ഉന്നയിക്കാന്‍ ഇടത് എംപിമാര്‍ ശ്രമിച്ചപ്പോള്‍ ഇരുപക്ഷത്തെയും എംപിമാര്‍ ഈ വിഷയത്തില്‍ സംസാരിച്ചു കഴിഞ്ഞെന്നും സഭാരേഖകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി സ്പീക്കര്‍ അനുമതി നിഷേധിച്ചു. വീണ്ടും സംസാരിച്ചാല്‍ പ്രതിഷേധം രൂക്ഷമാകുമെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. സഭയെ കുരുക്ഷേത്രമാക്കി മാറ്റരുതെന്നും ധര്മക്ഷേത്രമാക്കി മാറ്റണമെന്നും സ്പീക്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: