മാഹി റെയില്‍വേ സ്റ്റേഷന് സമീപത്തെ കെട്ടിടമതില്‍ അപകടാവസ്ഥയില്‍
മാഹി : അഴിയൂര്‍ പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവര്‍ത്തിച്ചിരുന്ന മാഹി റെയില്‍വേ സ്റ്റേഷന് സമീപത്തെ കെട്ടിടമതില്‍ അപകടാവസ്ഥയില്‍. ഈ കെട്ടിടത്തിന് സമീപം പ്രവൃത്തിക്കുന്ന അഴിയൂര്‍ സബ്ബ് റജിസ്ട്രാര്‍ ഓഫീസിലേക്കുള്ള വഴിയാണിത്. പന്ത്രണ്ടടി ഉയരമുള്ള മതിലിന്റെ ഇഷ്ടികകൊണ്ട് കെട്ടിയ അടിഭാഗം പൂര്‍ണമായും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. മഴ ശക്തമായതോടെ മൂന്നടിവരുന്ന കോണ്‍ക്രീറ്റില്‍ പണിത മുകള്‍ഭാഗം ഏത് നിമിഷവും പൊളിഞ്ഞ് താഴെ പതിക്കാമെന്ന അവസ്ഥയിലാണ്. വലിയഭാരമുള്ള ഈ ഭാഗം സിമന്റ് തേപ്പിന്റെ മാത്രം ബലത്തിലാണ് നില്‍ക്കുന്നത്. പട്ടികജാതി വകുപ്പിന്റെ അധീനതയിലാണ് ഇപ്പോള്‍ ഈ കെട്ടിടം. റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഇവിടെനിന്ന് മാറ്റിയശേഷം ഒഴിഞ്ഞുകിടക്കുകയാണ്. ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചതായിരുന്നു കെട്ടിടം. ജീവന് അപകടം വരുന്ന രീതിയില്‍ ഭീഷണിയായി നില്‍ക്കുന്ന മതില്‍ സംരക്ഷിച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്ന് പരിസരവാസികള്‍ പറഞ്ഞു. കെട്ടിടം ബ്‌ളോക്ക് പഞ്ചായത്തിന് തിരിച്ച് ലഭിച്ചാല്‍ മാത്രമേ അറ്റകുറ്റപ്പണി നടത്താന്‍ കഴിയുകയുള്ളൂവെന്ന നിലപാടിലാണ് ബ്‌ളോക്ക് പഞ്ചായത്ത് അധികൃതര്‍.
















