രാജാക്കാട്: കനത്ത മഴയെ തുടര്‍ന്ന് പെരുങ്കാലയില്‍ മണ്ണിടിച്ചില്‍. കഴിഞ്ഞ ദിവസം രാത്രിയില്‍ ശക്തമായി പെയ്ത മഴയില്‍ പെരുങ്കാല വനവാസി മേഖലയിലെ കൊമ്പന്‍കോട്ടയില്‍ ലീലയുടെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയില്‍.
അമ്പത്താറ് കോളനി ആനക്കൊമ്പന്‍ റോഡിന്റെ നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണെടുത്തതാണ് വീടിന്റെ മുന്‍വശത്ത് വലിയ മണ്‍തിട്ടയുണ്ടാകുവാന്‍ കാരണം. ഇതിന് ശേഷം ഇവിടെ സംരക്ഷണ ഭിത്തി നിര്‍മ്മിക്കുവാന്‍ അംഗപരിമിതയായ ഒരു മകളുള്‍പ്പെടെ രണ്ട് പെണ്‍മക്കളുമായി കഴിഞ്ഞുവരുന്ന ഈ നിര്‍ദ്ധന കുടുംബത്തിന് കഴിഞ്ഞിരുന്നുമില്ല. ഇനിയും ഇത്തരത്തില്‍ തിട്ട ഇടിഞ്ഞ് വീണ് വീട് തകരുമോയെന്ന ഭീതിയിലാണ് ഇവര്‍. റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണെടുത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ബന്ധപ്പെട്ട അധികൃതര്‍ ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ഉരുള്‍പൊട്ടലിന് സമാനമായി വലിയ മണ്‍തിട്ട ഇടിഞ്ഞ് വീണതോടെ സമീപവാസിയുടെ ഭൂമിയിലെ വാഴയടക്കമുള്ള കൃഷി വിളകളും നശിച്ചിട്ടുണ്ട്.
















