ന്യൂദല്‍ഹി: കേരളത്തില്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും രാഷ്‌ട്രീയ കൊലപാതകങ്ങളും ക്രമാതീതമായി വര്‍ധിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജു ലോക്‌സഭയെ അറിയിച്ചു.
2016ല്‍ ഏറ്റവും കൂടുതല്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായത് കേരളത്തിലാണ്. ആള്‍ക്കൂട്ടക്കൊലകളെപ്പറ്റി ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി.
ആള്‍ക്കൂട്ടം ഒരാളെ കൊല്ലുന്നത് കുറ്റകൃത്യത്തിന്റെ ഏറ്റവും ഹീനമായ രൂപമാണെന്ന് കിരണ്‍ റിജ്ജു പറഞ്ഞു. ഇത്തരം കൊലകളെ എല്ലാവരും അപലപിക്കണം. വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന അക്രമങ്ങളെപ്പറ്റി പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന ആവശ്യം സംസ്ഥാനങ്ങളുടെ ഫെഡറല്‍ അധികാരത്തെ അവമതിക്കുന്നതിന് തുല്യമാണെന്നും റിജ്ജു പറഞ്ഞു.
കേരളത്തിലെ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ ആള്‍ക്കൂട്ടക്കൊലകളുടെ പട്ടികയില്‍ പെടുത്തി ചര്‍ച്ച ചെയ്യണമെന്ന് ബിജെപി അംഗം ഹുക്കും ദേവ് നാരായണ്‍ യാദവ് ആവശ്യപ്പെട്ടു. ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് മറ്റൊരാളെ തല്ലിയും വെട്ടിയും കൊലപ്പെടുത്തുന്നത് ആള്‍ക്കൂട്ടക്കൊല തന്നെയാണ്. അതാണ് കേരളത്തില്‍ സിപിഎം നടത്തുന്നത്. ഇത്തരം വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറാവാത്ത സിപിഎമ്മും പ്രതിപക്ഷവും വിഷയങ്ങള്‍ തെരഞ്ഞെടുത്തു മാത്രമാണ് പ്രതികരിക്കുന്നതെന്നും ഹുക്കും ദേവ് കുറ്റപ്പെടുത്തി.
കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് അക്രമിസംഘം രാജേഷ് എന്ന യുവാവിനെ കൊലപ്പെടുത്തിയത് ആള്‍ക്കൂട്ടക്കൊലയാണെന്ന് പ്രൊഫ. റിച്ചാര്‍ഡ് ഹേ എംപി കുറ്റപ്പെടുത്തി. ബിജെപിയുടെ സംസ്ഥാന ഓഫീസ് അക്രമിച്ചു. 275 ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കഴിഞ്ഞ അര നൂറ്റാണ്ടിനിടെ കേരളത്തില്‍ ആള്‍ക്കൂട്ടക്കൊലപാതകത്തില്‍ ഇരകളായത്. കേരളത്തിലെ ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നതായും റിച്ചാര്‍ഡ് ഹേ കൂട്ടിച്ചേര്‍ത്തു.
















