ചെറുപുഴ: വയക്കര വയലിലെ മല്‍ത്സ്യ വിത്തുല്‍പാദന വിപണന കേന്ദ്രത്തന് സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പെരിങ്ങോം പഞ്ചായത്തിലെ വയക്കര വയലിലാണ് മല്‍സ്യ വിത്തുല്‍പാദന വിപണന കേന്ദ്രം നിര്‍മ്മിക്കുന്നത്. ഏഴു കോടി രൂപ ചെലവില്‍ മൂന്നു വര്‍ഷം കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാകുക. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്‌ട്ര കൃഷി വികാസ് യോജന പദ്ധതി പ്രകാരമാണ് വയക്കര വയലിലെ മല്‍സ്യ വിത്തുല്‍പാദന വിപണന കേന്ദ്രം ആരംഭിക്കുന്നത്. കേന്ദ്രത്തിന്റെ സ്ഥലം ഏറ്റെടുക്കല്‍ നടപടികളാണ് ആരംഭിച്ചത്. ഇതിനായി ജില്ലാ പഞ്ചായത്ത് അധികൃതരും ഫിഷറീസ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതിയംഗം പി.കെ.സുരേഷ് ബാബു, ജില്ലാ പഞ്ചായത്തംഗം പി.ജാനകി, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതിയംഗം എം.ടി.പി.നൂര്‍ദ്ദീന്‍, പഞ്ചായത്തംഗം പി.എന്‍.മനോജ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ എം.ടി.ഗണേശന്‍, ഓവര്‍സിയര്‍ ബിജു, ഫിഷറീസ് ഉദ്യോഗസ്ഥരായ മിനി നാരായണന്‍, റിജുല്‍ രാജു, സുനില്‍ സാമുവല്‍ എന്നിവരാണ് വയക്കര വയലിലെത്തിയത്.
















