ന്യൂദൽഹി: ഇന്ത്യന്‍ റെയില്‍വേ മിക്ക ട്രെയിനുകളിലും യാത്രക്കാർക്ക് നൽകുന്ന കമ്പിളിത്തുണികൾ പിൻവലിക്കുന്നു. വൃത്തിയില്ലാത്ത കമ്പിളികളാണ് യാത്രയിൽ നൽകുന്നതെന്ന വിമർശനത്തെ തുടർന്നാണ് പുതിയ നീക്കം. എന്നാൽ ചില ദീർഘദൂരട്രെയിനുകളിലെ എസി കമ്പാർട്ടുകളിൽ കമ്പിളിത്തുണികൾ നൽകുമെന്ന് റിപ്പോർട്ടുണ്ട്.
നേരത്തെ പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ടില്‍ ട്രെയിനുകളിലെയും സ്റ്റേഷനുകളിലേയും വൃത്തിഹീനമായ അവസ്ഥയെക്കുറിച്ച് ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ടില്‍ ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തെക്കുറിച്ചും ഗുരുതരമായ പ്രശ്നങ്ങളാണ് ചൂണ്ടിക്കാണിച്ചിരുന്നത്.
രാജ്യത്തെ 74 സ്റ്റേഷനുകളില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് സിഎജി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ഭക്ഷണവും വെള്ളവും ശുദ്ധമല്ല അണുബാധയുള്ള ഭക്ഷ്യവസ്തുക്കളാണ് വിതരണം ചെയ്യുന്നതെന്നും റീസൈക്കിള്‍ ചെയ്ത പാക്കിംഗ് വസ്തുക്കള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും ഇതില്‍ വെള്ളക്കുപ്പികള്‍ ഉള്‍പ്പെടുന്നുവെന്നും സിഎജി വ്യക്തമാക്കിയിരുന്നു.
ജ്യൂസുകളും മറ്റ് പാനീയങ്ങളും തയ്യാറാക്കുന്നതിന് പൈപ്പ് വെള്ളമാണ് ഉപയോഗിക്കുന്നതെന്നും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തുറന്നിടുന്നതുമൂലം പാറ്റയും എലിയും സ്പര്‍ശിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
















