ഇരിട്ടി: മുഴക്കുന്നില്‍ തെരുവ് നായ്‌ക്കള്‍ കൂട്ടില്‍ക്കയറി ഏഴ് ആടുകളെ കടിച്ചുകൊന്നു. നായ്‌ക്കളുടെ അക്രമത്തില്‍ രണ്ട് ആടുകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും രണ്ടെണ്ണത്തിനെ കാണാതാവുകയും ചെയ്തു. മുഴക്കുന്ന് കായപ്പനച്ചിയിലെ പുത്തന്‍ പുരക്കല്‍ ലൈലയുടെ ആടുകളെയാണ് തെരുവ് നായ്‌ക്കള്‍ കടിച്ചു കൊന്നത്.
വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു തെരുവ് നായ്‌ക്കള്‍ ആടുകളെ ആക്രമിച്ചത്. ബഹളം കേട്ട് ലൈല പുറത്തിറങ്ങുമ്പോഴേക്കും നായ്‌ക്കള്‍ ആടുകളെ കടിച്ചു കൊന്നു കടന്നുകളഞ്ഞിരുന്നു. കുടുംബശ്രീ ജില്ലാ മിഷന്‍ വഴി ലോണെടുത്തായിരുന്നു ലൈല ആടുകളെ വാങ്ങിയിരുന്നത്. ആടുകളെ നായ്‌ക്കള്‍ കടിച്ചു കൊന്നതോടെ ലൈലയുടെ ഏക ജിവിത മാര്‍ഗം ഇല്ലാതായിരിക്കയാണ്.
















