ലക്നൗ: ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിക്ക് തിരിച്ചടി. പാർട്ടിയുടെ ലെജിസ്ലേറ്റിവ് കൗൺസിൽ അംഗവും രാഷ്‌ട്രീയ ഷിയ സമാജത്തിന്റെ സ്ഥാപകനുമായ ബുക്കാൽ നവാബ്, മറ്റ് അംഗങ്ങളായ യശ്വന്ത് സിംഹ, മധൂക്കർ ജെയ്‌റ്റലി എന്നിവർ പാർട്ടിയിൽ നിന്നും രാജി വച്ചു. അഖിലേഷിന്റെ പിതാവ് മുലായം സിംഗ് യാദവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാവായിരുന്നു ബുക്കൽ നവാബ്. അതേ അമയം രാജിവച്ച നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറുമെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ഒരു വർഷമായി പാർട്ടിയിൽ നടക്കുന്ന പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടിയാണ് ബുക്കൽ നവാബ് രാജി സമർപ്പിച്ചത്. പിതാവായ മുലായം സിംഗ് യാദവിനൊപ്പം നിൽക്കാൻ സാധിക്കാത്ത അഖിലേഷിന് ജനങ്ങൾക്കൊപ്പം എങ്ങനെ നിൽക്കാൻ കഴിയുമെന്നാണ് അദ്ദേഹം ചോദിച്ചത്. കഴിഞ്ഞ ഒരു വർഷമായി താൻ വളരെയധികം അസ്വസ്ഥതയിലായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേ സമയം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരെ ബുക്കാൽ നവാബ് പ്രശംസിച്ചു. ബിജെപി മികച്ച പ്രവർത്തനമാണ് കാഴ്ച വയ്‌ക്കുന്നതെന്നും ‘സബ്കാ സാത്ത് സബ്കാ വികാസ്’ എന്ന ആശയം ഏറെ മികവുറ്റതാണെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി തന്നെ ക്ഷണിക്കുകയാണെങ്കിൽ തീർച്ചയായും പോകും. ഇനിയും സമാജ്‌വാദി പാർട്ടിയിൽ നിന്നും നിരവധി പേർ രാജിവയ്‌ക്കാൻ ഒരുങ്ങുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
















