തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ പീഡിച്ച കേസില്‍ അമ്മയ്‌ക്കും കാമുകനും മരണം വരെ കഠിനതടവും 10,000/രൂപ വീതം പിഴയും തൃശ്ശൂര്‍ പോക്‌സോ കോടതി വിധിച്ചു.കോതമംഗലം നെല്ലിക്കുഴിക്ക് സമീപം ഇരുമലപ്പടി ആട്ടയം വീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ അലിയാരും(52)കുട്ടികളുടെ അമ്മയുമാണ് ശിക്ഷിക്കപ്പെട്ടത്.പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. പിഴ സംഖ്യ ഇരയ്‌ക്ക് നല്‍കണമെന്നും ഇരകള്‍ക്കായുള്ള നിധിയില്‍ നിന്ന് മൂന്നു ലക്ഷം രൂപ നല്കണമെന്നും ഉത്തരവില്‍ പറയുന്നു. (കുട്ടികളെ തിരിച്ചറിയുമെന്നതിനാലണ് അമ്മയുടെ പേര് വെളിപ്പെടുത്താത്തത്)
2015 ആഗസ്റ്റിലാണ് സംഭവം .ഓണാവധിക്ക് സ്‌കൂളടച്ചപ്പോള്‍ 17 വയസ്സുളള മൂത്ത മകളെ നാട്ടിലേക്ക് കൂട്ടികൊണ്ടുപോകാന്‍ അമ്മയും 12 വയസ്സുളള ഇളയ മകളും 5 വയസ്സുളള മകനും കൂടി സ്‌കൂളില്‍ എത്തി. മൂത്ത മകളെയും കൂട്ടി തിരികെ തൃശ്ശൂരില്‍ എത്തിയപ്പോള്‍ നേരത്തേ പറഞ്ഞുറപ്പിച്ചതനുസരിച്ച് അലിയാരും എത്തിയിരുന്നു.ടൗണിലെ ലോഡ്ജില്‍ മുറിയെടുത്ത അലിയാര്‍ ഇവരെയും കൂട്ടി അവിടെ താമസിച്ചു. രാത്രിയില്‍ അമ്മയുടെ അറിവോടെ പ്രതി 12 ഉം 17 ഉം വയസ്സുളള പെണ്‍കുട്ടികളെ ഒന്നിലധികം തവണ ബലാല്‍സംഗം ചെയ്യുകയായിരുന്നു.പീഡനശേഷം കുട്ടികളുടെ നഗ്‌നഫോട്ടോ എടുക്കുകയും ചെയ്തു.
പ്രതി സ്ഥലത്തുനിന്നും മുങ്ങി.മൂത്ത പെണ്‍കുട്ടിക്ക് മാനസിക വളര്‍ച്ചയില്ല.സംഭവത്തെ തുടര്‍ന്ന് കുട്ടികളുടെ മാനസികനില തകരാറായി.സ്‌കൂളിലെ കൗണ്‍സിലിംഗിലാണ് അധികൃതര്‍ അറിയുന്നത്. തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത് കേസിലാണ് അമ്മയും കാമുകനും അറസ്റ്റിലായത്.നിഷ്ഠൂരവും, പൈശാചികവും നീചവുമായ പ്രവൃത്തി ചെയ്ത പ്രതികള്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി വിലയിരുത്തി. ഈസ്റ്റ് സിഐ കെ.കെ.സജീവാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് .
രണ്ട് ഇരകളുടെ കേസും പ്രത്യേകമായാണ് രജിസ്റ്റര്‍ ചെയ്തത് 12 വയസ്സുളള രണ്ടാമത്തെ പെണ്‍കുട്ടി ഇരയായിട്ടുളള കേസിന്റെ വിചാരണയും പോക്‌സോ കോടതിയില്‍ ഇപ്പോള്‍ നടന്നുവരികയാണ്.17 സാക്ഷികളെ വിസ്തരിച്ചു. 34 രേഖകളും നഗ്‌നഫോട്ടോകള്‍ പകര്‍ത്തിയ സിം കാര്‍ഡും, മെമ്മറി കാര്‍ഡും, മൊബൈല്‍ ഫോണ്‍ അടക്കമുളള മൂന്ന് തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി.പ്രോസിക്യൂഷനുവേണ്ടി പോക്‌സോ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര് പയസ് മാത്യു ഹാജരായി.
















