അമ്പലപ്പുഴ: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പതക്കം മോഷണം പോയ കേസില്‍ തിരുവിതംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട് വിവാദത്തില്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ച ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ മുന്‍നിലപാടുകളില്‍ നിന്നും പിന്തിരിഞ്ഞു.
ജില്ലയില്‍ നിന്നുള്ള മുന്‍ മന്ത്രിയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ ഇടപെടലാണ് ബോര്‍ഡ് പ്രസിഡന്റിനെ മുന്‍ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിച്ചെതെന്നും സൂചനയുണ്ട്. പതക്കം നഷ്ടപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കി ബോര്‍ഡിന് കൈമാറിയിരുന്നു. പതക്കത്തിന്റെ സൂക്ഷിപ്പുകാരനായ അഡ്മിനിസ്‌ടേറ്റിവ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത റിപ്പോര്‍ട്ടാണ് വിജിലന്‍സ് എസ്പി സമര്‍പ്പിച്ചത്.
11 ജീവനക്കാരെ സ്ഥലം മാറ്റണമെന്നും ശുപാര്‍ശയുണ്ടായിരുന്നു. എന്നാല്‍ നടപടിയെടുക്കാന്‍ കൂടിയ ബോര്‍ഡ് യോഗം കുറ്റക്കാരനായ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്ക് അസി. കമ്മീഷണറായി സ്ഥാനക്കയറ്റം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടും ചര്‍ച്ചയ്‌ക്കെടുത്തില്ല. സ്ഥലം മാറ്റണമെന്ന് എസ്പി നിര്‍ദ്ദേശിച്ച ജീവനക്കാര്‍ക്കെതിരെയും നടപടി സ്വീകരിച്ചില്ല.
കോണ്‍ഗ്രസ് നേതാവിന്റെ നിര്‍ദ്ദേശപ്രകാരമാണ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്കെതിരെ ബോര്‍ഡ് നടപടി എടുക്കാതിരുന്നതെന്നറിയുന്നു. ഭഗവാന്റെ പതക്കം കാണാതായ സംഭവത്തില്‍ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ദേവസ്വം സ്വീകരിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെ രണ്ടു മേല്‍ശാന്തിമാരെ ഈ സംഭവവുമായി ബന്ധപ്പെട്ട് പൂജകളില്‍ നിന്ന് ഒഴുവാക്കിയതാണ് ദേവസ്വം ബോര്‍ഡ് സ്വീകരിച്ച ഏക നടപടി. മോഷണം നടന്ന് അഞ്ചു മാസമായിട്ടും അന്വേഷണം കാര്യക്ഷമമാക്കാന്‍ ബോര്‍ഡ് ഇടപെടാത്തതിലും ദുരൂഹതയുണ്ട്.
















