പള്ളിപ്പുറം: സമ്പൂര്‍ണ വൈദ്യുതീകരണം പ്രഖ്യാപനത്തില്‍ ഒതുങ്ങി. പ്രതീക്ഷയറ്റതോടെ മാട്ടേല്‍തുരുത്ത് നിവാസികള്‍ ദ്വീപ് വിട്ടൊഴിയുന്നു. പള്ളിപ്പുറം പഞ്ചായത്ത് അഞ്ചാംവാര്‍ഡിലെ മാട്ടേല്‍തുരുത്ത് നിവാസികളുടെ വൈദ്യുതിക്കായുള്ള കാത്തിരിപ്പിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
വൈദ്യുതി ലഭിക്കാത്തതിന്റെ പേരില്‍ ദ്വീപിലെ പകുതിയോളം കുടുംബങ്ങള്‍ സ്വന്തമായുള്ള വീടും സ്ഥലവും ഉപേക്ഷിച്ച് മറ്റിടങ്ങളില്‍ വാടകയ്‌ക്കും ബന്ധുക്കളോടൊത്തും താമസിക്കുകയാണ്. വൈദ്യുതി ടവറുകള്‍ സ്ഥാപിക്കാനുള്ള സമ്മതപത്രം നാല് മാസങ്ങള്‍ക്ക് മുന്‍പ് സ്ഥലമുടമകള്‍ നല്‍കിയിട്ടും ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ പോലും അധികാരികള്‍ക്ക് കഴിഞ്ഞില്ല.
പഞ്ചായത്ത് അംഗം ഉഷാ മനോജും ബിജെപി പഞ്ചായത്ത് കമ്മിറ്റിയും മുന്‍കൈ എടുത്താണ് അനുമതി പത്രം ലഭ്യമാക്കിയത്. തുരുത്തില്‍ കഴിയുന്നവരും മറുകരയിലുളളലരും ഇതിനായി അനുമതിപത്രം കെഎസ്ഇബി അധികൃതര്‍ക്ക് കൈമാറിയിരുന്നു. 18 കുടുംബങ്ങള്‍ ഉണ്ടായിരുന്ന വേമ്പനാട്ട് കായലിലെ ദ്വീപില്‍ നിലവില്‍ ഒന്‍പതോളം കുടുംബങ്ങളാണ് അവശേഷിക്കുന്നത്. അരൂര്‍ മണ്ഡലം സമ്പൂര്‍ണമായി വൈദ്യുതീകരിച്ചതിന്റെ പ്രഖ്യാപനത്തോടനുബന്ധിച്ച് വിഎസ് സര്‍ക്കാരിന്റെ കാലത്ത് ദ്വീപ് നിവാസികള്‍ക്ക് സോളാര്‍ പാനലുകള്‍ നല്‍കിയിരുന്നു.
ഇവ വൈകാതെ തകരാറിലായതാണ് ദ്വീപ് നിവാസികള്‍ പറയുന്നത്. ദ്വീപില്‍ വെളിച്ചമെത്തിക്കാനുള്ള പദ്ധതിക്ക് എ. എം. ആരിഫ് എംഎല്‍എ 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. നിലവില്‍ മണ്ണെണ്ണവിളക്കും സൗരോര്‍ജ്ജ റാന്തലുമാണ് ദ്വീപിലുള്ളവര്‍ ഉപയോഗിക്കുന്നത്. മൊബൈല്‍ ഫോണ്‍ ബാറ്ററി ചാര്‍ജ്ജുചെയ്യുന്നതിനുപോലും മറുകരയിലെത്തേണ്ട സ്ഥിതിയാണ്.
കേരളം സമ്പൂര്‍ണമായി വൈദ്യുതീകരിച്ചെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും തങ്ങളുടെ ദുരിതജീവിതത്തിന് നേരെ മുഖംതിരിക്കുന്ന അധികാരികളുടെ നടപടിയില്‍ ദ്വീപ് നിവാസികള്‍ കടുത്ത അമര്‍ഷത്തിലാണ്.
















