തിരുവനന്തപുരം: റോഡരികില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും സ്ഥാപിച്ചിരിക്കുന്ന എല്‍ഇഡി വിളക്കുകള്‍ കണ്ണുകള്‍ക്ക് ദോഷമുണ്ടാക്കുന്നു എന്ന പരാതിയെക്കുറിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി.
തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറി ഒരു മാസത്തിനകം വിശദീകരണം ഫയല്‍ ചെയ്യണമെന്ന് കമ്മീഷന്റെ ആക്ടിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു.വഴിവിളക്കുകള്‍ക്കൊപ്പം കടകള്‍ക്ക് മുമ്പില്‍ സ്ഥാപിച്ചിരിക്കുന്ന എല്‍ഇഡി ബോര്‍ഡുകളും കണ്ണുകള്‍ക്ക് ഹാനികരമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ പി.കെ. രാജു സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
നേരത്തെ 15 അടി ഉയരത്തിലാണ് ലൈറ്റുകള്‍ സ്ഥാപിച്ചിരുന്നത്. ഇത് കാഴ്ചയ്‌ക്ക് ദോഷമല്ല. എന്നാല്‍ മൂന്നടി ഉയരത്തില്‍ മാത്രം സ്ഥാപിക്കുന്ന വിളക്കുകള്‍ പൊതുജനങ്ങളുടെ മുഖത്തിന് നേരെ പതിക്കുന്നതിനാല്‍ പ്രകാശ രശ്മികള്‍ കണ്ണുകള്‍ക്ക് ദോഷമായി തീരുന്നതായി പരാതിയില്‍ പറയുന്നു.
















