ന്യൂദല്‍ഹി: പാക്കിസ്ഥാന്റെ ഭീകരവാദത്തിന് ശക്തമായ താക്കീത് നൽകി എന്‍ഡിഎയുടെ ഉപരാഷ്‌ട്രപതി സ്ഥാനാര്‍ഥി വെങ്കയ്യനായിഡു. ഭീകരരെ സഹായിച്ചുകൊണ്ടിരിക്കുന്ന പാക്കിസ്ഥാൻ 1971ൽ എന്ത് സംഭവിച്ചു എന്ന് ഓർക്കണമെന്ന് അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍ കാര്‍ഗില്‍ പരാക്രമം പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നമ്മുടെ അയല്‍ക്കാര്‍ അസ്വസ്ഥരാണ്. മറ്റു രാജ്യത്തുള്ളവരേയും അവര്‍ അസ്വസ്ഥരാക്കികൊണ്ടിരിക്കുകയാണ്. എന്നാല്‍ ഞങ്ങളുടെ ഐക്യം നിങ്ങള്‍ മനസ്സിലാക്കണം. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ജനങ്ങള്‍ ഒറ്റക്കെട്ടാണ്. അവര്‍ ഒരുമിച്ച് പോരാടുകയും ചെയ്യും;- വെങ്കയ്യ നായിഡു പറഞ്ഞു.
‘ഭീകരവാദം മനുഷ്യത്വത്തിന്റെ ശത്രുവാണ്. അതിന് മതമില്ല. പാക്കിസ്ഥാന്റെ ദേശീയ നയം ഭീകരവാദമാണ്, ഭീകരരെ സഹായിക്കുകയും അവരെ തങ്ങാൻ അനുവദിക്കുകയും ചെയ്യുന്ന അയല്‍ക്കാര്‍ മനസ്സിലാക്കണം അവരില്‍ നിന്ന് സഹായം ഒരിക്കലും പ്രതീക്ഷിക്കേണ്ട എന്നത്, 1971 യുദ്ധത്തില്‍ സംഭവിച്ചത് പാക്കിസ്ഥാൻ ഓര്‍ത്തുവെക്കണം’- അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ ഒരിക്കലും യുദ്ധം ആഗ്രഹിക്കുന്നില്ല, സമാധാനവും സ്നേഹവും മാത്രമാണ് തങ്ങൾ ആഗ്രഹിക്കുന്നത്, അയല്‍രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ഇന്ത്യ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നു. ഇതിനു പുറമെ കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഓര്‍ക്കണമെന്നും അതില്‍ നിന്ന് ഒരിഞ്ച് ആര്‍ക്കും വിട്ടു നല്‍കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















