കുമളി: കുമളിയില്‍ രണ്ടു മോഷണക്കേസുകളില്‍ പത്ത് പവനോളം സ്വര്‍ണാഭരങ്ങളും പതിനായിരത്തിലധികം രൂപയും നഷ്ടപ്പെട്ടു. മുരിക്കടി താന്നിക്കുഴി രാജുവിന്റെ വീട്ടില്‍ നിന്ന് ആറുപവന്‍ സ്വര്‍ണാഭരണകളും 6000 രൂപയും മോഷണം പോയതായി പരാതി.
രാജയും ഭാര്യ ജയയും കഴിഞ്ഞ തിങ്കളാഴ്ച വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് സംഭവം നടന്നതായി പറയുന്നത്. ഇവരുടെ വീടിനോട് ചേര്‍ന്ന് വിനോദ സഞ്ചാരികള്‍ക്കായി ഹോം സ്റ്റേ സംവിധാനം നടത്തിയിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കാലമായി ഇവിടെ തൃശ്ശൂര്‍ സ്വദേശി ഷാഫി എന്നൊരാളും കുടുംബവും താമസിച്ചിരുന്നതായി പറയുന്നു. ഇയാളും ഭാര്യയും മൂന്ന് കുട്ടികളുമാണ് താമസിച്ചിരുന്നത്. ഷാഫിയുടെ ഭാര്യ മലയാളിയല്ലെന്നും ഹിന്ദി മാത്രമാണ് സംസാരിച്ചിരുന്നതെന്നും പരാതിക്കാര്‍ പറയുന്നു. വീട്ടില്‍ മോഷണം നടന്നശേഷം നടന്ന അന്വേഷണത്തില്‍ ഹോംസ്‌റ്റേയില്‍ താമസിച്ചിരുന്നവര്‍ വീട് ഒഴിഞ്ഞു പോയതായി കണ്ടെത്തി.
മറ്റൊരു സംഭവത്തില്‍ പത്തുമുറിഭാഗത്ത് കരിക്കുഴിയില്‍ ജോര്‍ജിന്റെ വീട്ടില്‍ നിന്ന് അയ്യായിരം രൂപയും മൂന്നര പവന്‍ സ്വര്‍ണവും നഷ്ട്ടമായി. ജോര്‍ജും ഭാര്യ സോഫിയും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് അലമാര കുത്തിത്തുറന്ന് മുതലുകള്‍ കവര്‍ന്നതായാണ് പരാതിയില്‍ പറയുന്നത്. ഇരു സംഭവങ്ങളിലും കേസെടുത്തു വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് കുമളി പോലീസ് അറിയിച്ചു
















