തിരുവനന്തപുരം: തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ ടൈറ്റാനയം ഫാക്ടറിയിലെ ന്യൂട്രലൈസേഷന് പ്ലാന്റിന്റെ ബീം തകര്‍ന്ന് ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്ക്. സീനിയര്‍ പ്ലാന്റ് ഓപ്പറേറ്ററും കണ്ണൂര്‍ സ്വദേശിയുമായ ഹരീന്ദ്രനാഥ് (48) ആണ് മരിച്ചത്.
കരാര്‍ തൊഴിലാളിയായ മാധവപുരം സ്വദേശി സരോഷിന് പരിക്കേറ്റു. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സരോഷ് അപകടനില തരണം ചെയ്തു. ഇന്നലെ രാവിലെ 8.30 നായിരുന്നു അപകടം. നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്ന ആരോപണം അന്വേഷിക്കുന്നതിനിടെയാണ് അപകടം. ന്യൂട്രലൈസേഷന് പ്ലാന്റില്‍ മലിനജലം ശുദ്ധീകരിക്കാന്‍ കക്ക നിറയ്ക്കാനുളള രണ്ട് സൈലോകളില്‍ ഒരു സൈലോയും അതിന്റെ ചിമ്മിനിയുമാണ് തകര്‍ന്നത്. രാവിലെ ഡ്യൂട്ടിക്ക് കയറിയ ഹരീന്ദ്രനാഥും രണ്ട് കരാര്‍ജീവനക്കാരും കൂടി സൈലോയില്‍ കക്ക നിറയ്ക്കവെയായിരുന്നു അപകടം. ഒരു കരാര്‍ തൊഴിലാളി സംഭവസ്ഥലത്ത് നിന്ന് അല്പം മാറിനിന്നിരുന്നതിനാല് രക്ഷപെട്ടു. ഒമ്പത് മണി കഴിഞ്ഞാണ് അപകടം സംഭവിച്ചിരുന്നതെങ്കില്‍ കൂടുതല്‍ ജീവനക്കാര്‍ പ്ലാന്റിലുണ്ടാകുമായിരുന്നു. വന്‍ ദുരന്തമാകുമായിരുന്നു.
പ്ലാന്റ് നിര്‍മ്മാണത്തിലെ അപാകത അപകടകാരണമായെന്നാണ് ആരോപണം. മലിനീകരണ പദ്ധതിയിലുളള അഴിമതിയെത്തുടര്‍ന്ന് 2011 ലാണ് തമിഴ്നാട്ടിലെ സ്വകാര്യ കമ്പനിക്ക് കരാര്‍ നല്കി ന്യൂട്രലൈസേഷന് പ്ലാന്റിന്റെ നിര്‍മാണത്തിന് തുടക്കം കുറിച്ചത്. എന്നാല്‍ പണി പൂര്‍ത്തിയാകും മുമ്പ് കരാറില്‍ നിന്ന് സ്വകാര്യ കമ്പനി പിന്മാറി. തുടര്‍ന്ന് ടൈറ്റാനിയം നേരിട്ടാണ് പ്ലാന്റ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ 23 നാണ് പ്ലാന്റ് പ്രവര്‍ത്തിച്ച് തുടങ്ങിയത്. ന്യൂട്രലൈസേഷന് പ്ലാന്റിന്റെ നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന് തുടക്കത്തില്‍ ചൂണ്ടിക്കാട്ടിയെങ്കിലും കരാറുകാരോ കമ്പനിയോ മുഖവിലയ്ക്കെടുത്തില്ല. ആറു വര്‍ഷത്തെ പഴക്കമുള്ള യന്ത്രഭാഗങ്ങള്‍ തുരുമ്പ് കയറിയ നിലയിലാണ്. അതേസമയം 70 വര്‍ഷം പഴക്കമുളള പ്ലാന്റുകള്‍ ഇന്നും കുഴപ്പമില്ലാതെ പ്രവര്‍ത്തിക്കുന്നു. നിലവാരമില്ലാത്ത യന്ത്രസാമഗ്രികള്‍ കൊണ്ട് പ്ലാന്റ് നിര്‍മ്മിച്ചതാണ് തകര്‍ച്ചയ്ക്ക് കാരണമായത്. ഈ ദുരന്തത്തോടെ പദ്ധതിയിലെ അഴിമതി വെളിപ്പെട്ടെന്ന് ജീവനക്കാര്‍ പറയുന്നു.
ഡിസിപി അരുള്‍ ബി. കൃഷ്ണ, ശംഖുംമുഖം എസി ഷാനിഖാന്‍, പൂന്തുറ സിഐ ബി.എസ്. സജികുമാര്‍ തുടങ്ങിയവര്‍ ടൈറ്റാനിയത്തിലെത്തി തെളിവെടുത്തു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ ഹരീന്ദ്രനാഥിന്റെ മൃതദേഹം ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: