പെരുമ്പള്ളിച്ചിറ: അല്‍ അസ്ഹര്‍ കോളേജിന് സമീപം വിദ്യാര്‍ത്ഥികളും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടി. വീട്ടമ്മയടക്കം അഞ്ച് പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. തിങ്കളാഴ്‌ച്ച വൈകിട്ടോടെ പെരുമ്പള്ളിച്ചിറ കനാലിന് സമീപം വച്ചാണ് സംഭവങ്ങളുടെ തുടക്കം. കനാലിന് സമീപം വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിക്കുന്നത് പതിവാകുന്നതായും ഇത് ചോദ്യം ചെയ്യുകയായിരുന്നുവെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ ലഹരി വാങ്ങാന്‍ പണം ചോദിച്ച് കനാലിന് സമീപം താമസിക്കുന്ന ഏതാനും പ്രദേശവാസികളായ യുവാക്കള്‍ തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ചൊവ്വാഴ്‌ച്ച ഉച്ചക്കും ഇരു വിഭാഗങ്ങളും തമ്മില്‍ തര്‍ക്കം നടന്നു. ഇതേച്ചൊല്ലി ചൊവ്വാഴ്‌ച്ച വൈകിട്ട് ഏഴ് മണിയോടെ 30 ഓളം വിദ്യാര്‍ത്ഥികളും നാട്ടുകാരും
ഏറ്റുമുട്ടി. സംഘടിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ വീട് കയറി ആക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ വീട്ടമ്മയും മകനും പറഞ്ഞു. വീട്ടില്‍ കയറി കസേര, മേശ, ടി.വി എന്നിവ തല്ലിത്തകര്‍ത്തതായും ഇവര്‍ പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ മൂന്ന് വിദ്യാര്‍ത്ഥികളുടേയും വീട്ടമ്മയുടേയും മകന്റേയും മൊഴിയെടുത്തു. ഇരുകൂട്ടര്‍ക്കുമെതിരെ കേസെടുത്തതായി തൊടുപുഴ പോലീസ് പറഞ്ഞു
















