കുന്നത്തൂര്‍: മരത്തിലിരുന്നു മരം മുറിക്കുന്നതിനിടയില്‍ മുകളിലെ തടി ദിശ തെറ്റി ദേഹത്ത് വീണ് ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയെ രണ്ടുമണിക്കൂര്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിലൂടെ രക്ഷിച്ചു. ഫയര്‍ഫോഴ്‌സ് മറ്റ് തൊഴിലാളികളുടെ സഹായത്തോടെയാണ് രക്ഷിച്ചത്.
ശൂരനാട് തെക്ക് ഇഞ്ചക്കാട് സ്വദേശി വിശ്വനാഥനാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടിന് ഭരണിക്കാവ് ജെഎംഎച്ച്എസിന് സമീപത്തെ സ്വകാര്യപുരയിടത്തിലെ മരം മുറിക്കുമ്പോഴാണ് അപകടം ഉണ്ടായത്. വീഴാതിരിക്കാനായി കയറുപയോഗിച്ച് മരവുമായി സ്വയംബന്ധിച്ച ശേഷമാണ് ഇയാള്‍ മരം മുറിക്കാന്‍ ആരംഭിച്ചത്. മുറിച്ചുവച്ച തടി തള്ളിയിടുന്നതിനിടയില്‍ ദിശ തെറ്റി ദേഹത്ത് അടിച്ചു. കാലിലെ അസ്ഥികള്‍ പൊട്ടി പുറത്തുവരികയും വാരിയെല്ലിന് ക്ഷതമേല്‍ക്കുകയും ചെയ്തു. കയറ് കെട്ടിയിരുന്നതിനാല്‍ താഴെയിറക്കാന്‍ കഴിയാതെ വന്നു. ശാസ്താംകോട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി രണ്ടുമണിക്കൂര്‍ പരിശ്രമിച്ച് കപ്പിയും കയറുമുപയോഗിച്ചാണ് താഴെയിറക്കിയത്. വിദഗ്ധ ചികിത്സയ്‌ക്കായി ഇയാളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
















