കോട്ടയം: പറയിപെറ്റ പന്തിരുകുലത്തിലെ പാക്കനാരുടെ സ്മരണയില്‍ പാക്കില്‍ സംക്രമ വാണിഭം ആരംഭിച്ചു. പാക്കില്‍ ധര്‍മ്മശാസ്താ ക്ഷേത്ര മൈതാനത്തു കര്‍ക്കടകം ഒന്നു മുതല്‍ ഒരു മാസമാണ് സംക്രമവാണിഭം.
ഉപ്പുതൊട്ടു കര്‍പ്പൂരംവരെ എന്ന ചൊല്ലിനെ ശരിവയ്ക്കുന്നതാണ് മേളയിലെ കാഴ്ച. മുപ്പതോളം കടകളിലായി പരമ്പരാഗത വീട്ടുപകരണങ്ങളായ അരകല്ല്, ആട്ടുകല്ല്, ഉരല്, ഉലക്ക, വട്ടി, കുട്ട, മുറം, തഴപ്പായ, പിച്ചാത്തി, കറിച്ചട്ടികള്‍, ഭരണി തുടങ്ങിയ നാടന്‍ ഉപകരണങ്ങള്‍ക്കൊപ്പം ആധുനികയുഗത്തിലെ ഹൈടെക്ക് ഉപകരണങ്ങള്‍, ഔഷധ സസ്യങ്ങള്‍, പച്ചക്കറി തൈകള്‍, വിത്തുകള്‍, കുടംപുളി, തടിയില്‍ പണിത ഫര്‍ണിച്ചര്‍, കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങിയവയാണ് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ഉത്സവ സ്ഥലങ്ങളിലെ പോലെ ഫാന്‍സി കടകളുമുണ്ട്.
നാടന്‍ വീട്ടുപകരണങ്ങളും കാര്‍ഷിക ഉപകരണങ്ങളും വാങ്ങാനാണ് തിരക്കെന്ന് കച്ചവടക്കാര്‍ പറഞ്ഞു. ഇന്നലെ രാവിലെ മുതല്‍ തന്നെ മേളയില്‍ തിരക്ക് അനുഭവപ്പെട്ടു. വിദൂര സ്ഥലങ്ങളില്‍ നിന്നുപോലും ആള്ക്കാര് സാധനങ്ങള്‍ വാങ്ങാന്‍ ഇവിടെ എത്തുന്നു. അവധി ദിവസങ്ങളാണ് തിരക്കേറുന്നത്. മാസങ്ങളോളം മേള നീണ്ടിരുന്ന കാലങ്ങളുണ്ടായിരുന്നതായി പഴമക്കാര്‍ പറഞ്ഞു. സംക്രമ വാണിഭത്തില്‍ എത്തുന്ന വ്യാപാരികള്‍ ഏറെയും സ്ഥിരമായി വരുന്നവരാണ്. നാലര പതിറ്റാണ്ടായി മുടങ്ങാതെ എത്തുന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. എല്ലാവര്ക്കും സംക്രമ വാണിഭത്തെ കുറിച്ച് പറയാന്‍ നല്ലവാക്കുകള്‍ മാത്രം. അമിത വില ഈടാക്കാറില്ലെന്നും മുന്‍ വര്‍ഷങ്ങളില്‍ നല്ല കച്ചവടം ലഭിച്ചിരുന്നതായും വ്യാപാരികള്‍ പറഞ്ഞു.
ഐതിഹ്യപ്പെരുമ നിറഞ്ഞ മേള നാടിന് സമ്മാനിക്കുന്നത് ഒരു ഉത്സവകാലമാണ്. ബ്രഹ്മഹത്യ നടത്തിയ പരശുരാമന് പാപമുക്തിക്കായി കേരളക്കരയിലാകെ വിഗ്രഹ പ്രതിഷ്ഠ നടത്തി ക്ഷേത്രങ്ങള്‍ നിര്‍മിച്ചു വരവേ, പാക്കിലുമെത്തി. ഇവിടെ ശിലാവിഗ്രഹം പ്രതിഷ്ഠിച്ചു ക്ഷേത്രം പണിയാനൊരുങ്ങിയ പരശുരാമന് എത്ര ശ്രമിച്ചിട്ടും വിഗ്രഹം ഉറപ്പിക്കാനാകാതെ വന്നപ്പോള്‍ അതുവഴി മുറം വില്‍പ്പനയ്ക്കെത്തിയ പാക്കനാരെ വിളിച്ച് സഹായം അഭ്യര്‍ഥിച്ചു. പാക്കനാരെത്തി ഇവിടെ പാര്‍ക്കൂ എന്നുപറഞ്ഞു വിഗ്രഹം പിടിച്ചുറപ്പിച്ചതായാണ് ഐതിഹ്യം.
പില്ക്കാലത്ത് ഈ പ്രദേശം പാക്കില്‍ എന്ന പേരില്‍ അറിയപ്പെട്ടു. ഇതിനു പ്രത്യുപകാരമായി എല്ലാ വര്‍ഷവും കര്‍ക്കടകം ഒന്നിനു ഇവിടെയെത്തി മുറം വില്‍പ്പന നടത്താന്‍ പരശുരാമന് പാക്കനാര്‍ക്ക് അനുമതി കൊടുത്തുവത്രേ.
പാക്കനാര്‍ക്കു ശേഷവും പിന്തലമുറക്കാര് പതിവു തെറ്റിക്കാതെ എല്ലാ വര്‍ഷവും ഇവിടെയെത്തുന്നുണ്ട്. ഇതാണ് ഇന്നത്തെ പ്രസിദ്ധമായ പാക്കില്‍ സംക്രമവണിഭത്തിന് ആധാരമെന്നു പഴമക്കാര്‍ വിശ്വസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: