തൊടുപുഴ: തൊടുപുഴ വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ വിവിധ പമ്പ് ഹൗസുകളിലും പ്ലാന്റുകളിലും ,ഓഫീസിലുമായി അന്‍പതോളം പേരെ അനധികൃതമായി നിയമിച്ചു. നിയമനങ്ങള്‍ പി എസ് സി വഴിയോ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് വഴിയോ നടത്തണമെന്ന ഹൈക്കോടതി വിധി,സര്‍ക്കാര്‍ ഉത്തരവ്, വാട്ടര്‍ അതോറിറ്റി എം.ഡി.യുടെ ഉത്തരവ് എന്നിവ മറികടന്നാണ് അനധികൃതമായി നിയമനങ്ങള്‍ നടത്തിയിരിക്കുന്നത്. മുട്ടം, കാഞ്ഞാര്‍, ഞരളംപുഴ, മണക്കാട് എന്നീ ഇരുപത്തിയഞ്ചോളം പമ്പ് ഹൗമ്പുകളിലാണ് നിയമം നടന്നിരിക്കുന്നത്. യോഗ്യതയില്ലാത്തവരെയാണ് ഓപ്പറേറ്റര്‍മാരായി നിയമിച്ചിരിക്കുന്നത്. ഇത് മൂലം മോട്ടറുകള്‍ കത്തിയും പമ്പിങ് ലൈന്‍ പൊട്ടിയും ലക്ഷകണക്കിന് രൂപയുടെ നഷ്ടം വാട്ടര്‍ അതോറിറ്റിക്ക് ഉണ്ടാകുന്നുണ്ട്.
ആലക്കോട് പ്ലാന്റ് ,തൊടുപുഴ പ്ലാന്റ് എന്നിവിടങ്ങളിലെ വര്‍ക്കര്‍മാര്‍, വിവിധ ലൈനിലെ വാല്‍വ് ഓപ്പറേറ്റര്‍മാര്‍, ഡിവിഷണല്‍ ഓഫീസിലെ ടൈപ്പിസ്റ്റ്, പ്രോജക്റ്റ് ഓഫീസിലെ സ്വീപ്പര്‍, എന്നിങ്ങനെയുള്ള തസ്തികകളിലേക്കാണ് പിന്‍വാതില്‍ നിയമനം.
ജലസേചന വകുപ്പ് മന്ത്രിയുടെ ജില്ലാ നേതാവിന്റെ പ്രത്യേക നിര്‍ദ്ദേപ്രകാരമാണ് ഇവരെയെല്ലാം നിയമിച്ചിട്ടുള്ളത്. ഇതില്‍ പലരും 56 വയസ് കഴിഞ്ഞവരാണ്. നിരവധി പേര്‍ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് വഴിയും പി എസ് സി വഴിയും നിയമനം കാത്ത് കഴിയുമ്പോഴാണ് വാട്ടര്‍ അതോറിറ്റിയില്‍ യാതൊരു യോഗ്യതയും ഇല്ലാത്തവരെ അനധികൃതമായി നിയമിച്ച് ഉദ്യോഗസ്ഥ രാഷ്‌ട്രീയ കൂട്ടുകെട്ട് പണപ്പിരിവ് നടത്തുന്നത്.
കാളിയാര്‍, മുളപ്പുറം തുടങ്ങിയ പമ്പ് ഹൗസുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയിട്ടും നിലനിര്‍ത്തിയിരുന്ന ജീവനക്കാരെ പത്ര വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം ആലക്കോട് പ്ലാന്റിലേക്ക് മാറ്റി നിയമിക്കുക ഉണ്ടായി. സര്‍ക്കാരിന് ലക്ഷങ്ങളുടെ നഷ്ടം വരുത്തിവെയ്‌ക്കുന്ന ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തിയാല്‍ ഈ നിയമനങ്ങളുടെ കാര്യത്തില്‍ നടന്ന ലക്ഷങ്ങളുടെ അഴിമതി പുറത്ത് വരും.
















