ന്യൂദല്‍ഹി: ഇന്ത്യക്ക് കടുത്ത മുന്നറിയിപ്പുമായി വീണ്ടും ചൈന. അതിര്‍ത്തിയില്‍ നിന്നു സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ നാണം കെടുത്തുമെന്നാണ് മുന്നറിയിപ്പ്. തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും സിക്കിം അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിക്കാത്തതിന്റെ രോഷം ചൈനയുടെ പ്രതികരണങ്ങളിലുണ്ട്.
ഇന്ത്യയുമായി ഒത്തുതീര്‍പ്പിനില്ല. ധോക്ലാമില്‍ സൈന്യത്തെ പിന്‍വലിക്കുകയല്ലാതെ ഇന്ത്യക്കു മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ല. അതു ചെയ്തില്ലെങ്കില്‍ ഇന്ത്യയെ നാണം കെടുത്തും, ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് ഈ മുന്നറിയിപ്പു നല്‍കുന്നത്.
സംഘര്‍ഷത്തില്‍ നിന്നു പിന്മാറിയില്ലെങ്കില് ലഡാക്കിലെ അതിര്‍ത്തിത്തര്‍ക്കത്തില്‍ നിലപാടു കടുപ്പിക്കുമെന്നും ചൈന പറയുന്നു. ധോക്ലാമില്‍ നിന്നു പിന്മാറാന് വൈകിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവും. ഒത്തുതീര്‍പ്പിനില്ലെന്നു ചൈന നേരത്തെ വ്യക്തമാക്കിയതാണ്.
ധോക്ലാമില്‍ സൈന്യത്തെ വിന്യസിച്ചത് അതിര്‍ത്തി കടന്നുള്ള സൈനിക നീക്കമായാണ് ചൈന കാണുന്നത്, സിന്‍ഹുവയിലെ അവലോകന ലേഖനത്തില്‍ പറയുന്നു.
ഇതോടെ ലഡാക്കിലെ തര്‍ക്കത്തിനു പുതിയ മുഖം കൈവന്നിരിക്കുകയാണെന്ന് ലേഖനത്തില്‍ വിശദീകരിക്കുന്നു. ലഡാക്കില്‍ 2013 ലും 2014 ലും ഇന്ത്യയും ചൈനയും പാക്കിസ്ഥാനും ഉള്‍പ്പെട്ട തര്‍ക്കങ്ങള്‍ ഉണ്ടായപ്പോള്‍ നയതന്ത്ര നീക്കങ്ങളിലൂടെയാണ് പരിഹരിച്ചത്. സൈനിക നീക്കത്തിലേക്കു പോയില്ല, എന്നാല്‍ ഇപ്പോഴും അവിടെ പ്രശ്നങ്ങള്‍ അതു പോലെ തന്നെയാണെന്ന് ഇന്ത്യ കരുതരുത്.
ധോക്ലാമില്‍ വിട്ടുവീഴ്ചയില്ലെന്ന ഔദ്യോഗിക വാര്‍ത്താ ഏജന്‍സിലൂടെ ചൈന പ്രതികരിക്കുന്നത് ഇതാദ്യമാണ്. ജമ്മു കശ്മീര്‍ പ്രശ്നത്തില്‍ ഇടപെടുമെന്ന ഭീഷണി തുടര്‍ച്ചയായി മുന്നോട്ടു വയ്ക്കുന്നതും അന്താരാഷ്ട്ര നയതന്ത്ര നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതിര്‍ത്തിയില്‍ നേരിട്ടുള്ള സംഘര്‍ഷത്തിനു മടിക്കുന്ന ചൈന കശ്മീര്‍ പ്രശ്നം ഉന്നയിച്ച് ഇന്ത്യയെ സമ്മര്‍ദത്തിലാക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നാണ് കരുതുന്നത്.
ചൈനയുമായുള്ള സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചതിനു പിന്നാലെയാണ് സിന്‍ഹുവ കടുത്ത നിലപാട് വെളിപ്പെടുത്തിയത്. ചൈനയുടെ ഭരണം നിയന്ത്രിക്കുന്ന സ്റ്റേറ്റ് കൗണ്‍സിലിന് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന സിന്‍ഹുവയില്‍ അവതരിപ്പിക്കുന്ന നിലപാടുകള്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും സര്‍ക്കാരിന്റേയും അഭിപ്രായമായിത്തന്നെയാണ് വിലയിരുത്തുന്നത്.
ധോക്ലാമിന്റെ കാര്യത്തില്‍ ഇന്ത്യ കള്ളം പറയുകയാണ്. ഭൂട്ടാനെ സഹായിക്കാനാണ് സൈന്യത്തെ അയച്ചിരിക്കുന്നത് എന്നാണ് ഇന്ത്യ ലോകത്തോടു പറയുന്നത്. അതിര്‍ത്തിയില്‍ ചൈന പ്രകോപനം സൃഷ്ടിക്കുന്നു എന്നും അവര്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ അഭിപ്രായ വ്യത്യാസങ്ങളെ തര്‍ക്കങ്ങളാക്കി മാറ്റാന്‍ ഇന്തുയും ചൈനയും ഒരിക്കലും ശ്രമിച്ചിട്ടില്ല എന്ന് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കര് സിങ്കപ്പൂരില്‍ പറഞ്ഞതിനെ ശുഭസൂചനയായി കാണുകയാണെന്നും സിന്‍ഹുവ റിപ്പോര്‍ട്ടു ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: