തൊടുപുഴ: പനി ബാധിച്ച രണ്ടര വയസുകാരനെ പരിശോധിക്കാന്‍ കുട്ടികളുടെ ഡോക്ടര്‍ തയ്യാറായില്ലെന്ന് പരാതി. സംഭവം വിവാദമായതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം ആശുപത്രി സൂപ്രണ്ട് ഇടപെട്ട് സ്ഥലത്തുണ്ടായിരുന്ന ഫിസിഷ്യനെക്കൊണ്ട് കുട്ടിയെ പരിശോധിപ്പിച്ചു.
തൊടുപുഴയിലുള്ള ജില്ലാ ആശുപത്രിയിലാണ് സംഭവം. മുതലിയാര്‍മഠം മഗലത്ത് ബിനുലാലും ഭാര്യ ശിവജയുമാണ് പരാതിക്കാര്‍. ബിനുലാല്‍ പറയുന്നതിങ്ങനെ: തങ്ങളുടെ ഇളയകുട്ടിയായ ശ്രീരാഗിന് പനിബാധിച്ചതിനാലാണ് ആശുപത്രിയിലെത്തിയത്. 11.45ന് ഒ.പി ചീട്ടെടുത്തു. തുടര്‍ന്ന് ഡോക്ടറെ കാണാനായി മറ്റ് രോഗികള്‍ക്കൊപ്പം വരിയില്‍ നിന്നു. എന്നാല്‍ 12.45 ആയപ്പോള്‍ തങ്ങളുടെ കുട്ടി ഉള്‍പ്പെടെ മൂന്ന് കുട്ടികളെ പരിശോധിക്കാതെ ഡോക്ടര്‍ പരശോധനാ മുറിയില്‍ നിന്നിറങ്ങിപ്പോയി. ഡോക്ടറുടെ പിന്നാലെ പോയി അഭ്യര്‍ത്ഥിച്ചെങ്കിലും ചെവിക്കൊണ്ടില്ലെന്ന് ബിനുലാല്‍ പറഞ്ഞു. ഏറെ നേരം കാത്തിരുന്നില്ലെങ്കിലും ഡോക്ടര്‍ മടങ്ങി വന്നില്ല. ഇതിനിടെ കുട്ടി അവശതയിലായതോടെ ആശുപത്രി സൂപ്രണ്ടിനെക്കണ്ട് വിവരം ധരിപ്പിച്ചു. ഇതോടെ രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം സ്ഥലത്തുണ്ടായിരുന്ന ഫിസിഷ്യനെക്കൊണ്ട് കുട്ടിയെ പരിശോധിപ്പിച്ചു. തുടര്‍ന്നാണ് കുട്ടിക്ക് മരുന്ന് ലഭ്യമാക്കിയത്.
ഡോക്ടറോട്
വിശദീകരണം
തേടും; സൂപ്രണ്ട്
പനി ബാധിച്ച പിഞ്ചുകുഞ്ഞിനെ പരിശോധിക്കാന്‍ തയ്യാറാകാത്ത കുട്ടികളുടെ ഡോക്ടറില്‍ നിന്നും വിശദീകരണം തേടുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഉമാ ദേവി അറിയിച്ചു. സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ട്. ഡോക്ടറുടെ നടപടി തെറ്റായിപ്പോയെന്നും അന്വേഷിച്ച് നടപടിയെടുക്കുമെന്നും ഉമാ ദേവി അറിയിച്ചു. കുട്ടികളുടെ വിഭാഗത്തില്‍ മൂന്ന് ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നതില്‍ ഒരാള്‍ മാത്രമേ ശനിയാഴ്‌ച്ച ജോലിക്കെത്തിയിരുന്നതെന്നും സൂപ്രണ്ട് പറഞ്ഞു
















