ചേര്‍ത്തല: മരണത്തിലും വേര്‍പിരിയാത്ത ആത്മസുഹൃത്തുക്കള്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഈരാറ്റുപേട്ട മൂന്നിലവ് കട്ടിക്കയം വെള്ളചാട്ടത്തിന് സമീപം ഒഴുക്കില്‍പെട്ട് മരിച്ച തണ്ണീര്‍മുക്കം പഞ്ചായത്ത് ഇരുപതാം വാര്‍ഡില്‍ പൊമ്പോഴിയില്‍ റോജിന്‍ ജോബി (22) ഇരുപത്തിയൊന്നാം വാര്‍ഡില്‍ ഇരവുകരിത്തറയില്‍ ശ്യം അശോക് (21) എന്നിവരുടെ മൃതദേഹങ്ങള്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് സംസ്‌കരിച്ചത്.
ശ്യാം അശോകിന്റെ മൃതദേഹം രാവിലെ വീട്ടുവളപ്പിലും റോജിന്‍ ജോബിന്റെ മൃതദേഹം വൈകിട്ട് കിഴക്കുംമുറി സെന്റ് തോമസ് പള്ളിയിലുമാണ് സംസ്‌കരിച്ചത്. ഒന്നിച്ച് പഠിച്ച് വളര്‍ന്ന ഇരുവരുടെയും യാത്രകളും ഒന്നിച്ചായിരുന്നു.
സിനിമ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഇവര്‍ ഫിലിം ഫെസ്റ്റിവല്ലിലും മുടങ്ങാതെ പങ്കെടുത്തിരുന്നു. നാട്ടില്‍ നിന്ന് അകലെയാണ് ഇരുവരും കോളജ് വിദ്യാഭ്യാസം നടത്തിയിരുന്നതെങ്കിലും അവധിക്കാലം പ്രകൃതി ഭംഗി ആസ്വദിക്കാനായുള്ള യാത്രകള്‍ക്കായാണ് നീക്കിവച്ചിരുന്നത്. അത്തമൊരു യാത്രയിലാണ് ഇവരെ മരണം കവര്‍ന്നത്.
കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ചേര്‍ത്തലയില്‍ എത്തിച്ചത് സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന ശ്യാമിന്റെ മൃതദേഹം ഇന്നലെ രാവിലെയാണ് വീട്ടിലെത്തിച്ചത്.
മണവേലിയില്‍ ഒരുകിലോമീറ്റര്‍ ചുറ്റളവിലാണ് ഇരുവരുടേയും വീടുകള്‍. അന്ത്യോപാചാരം അര്‍പ്പിക്കാന്‍ സഹപാഠികളടക്കം നിരവധി പേര്‍ ഇവരുടെ വീടുകളില്‍ എത്തി.
കെ.സി വേണുഗോപാല്‍ എംപി, ബിജെപി ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, എസ്. ശരത്ത്, സി.കെ ഷാജിമോഹന്‍, സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.
















