കൊച്ചി: നടിയെ അക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപുമായി തനിക്ക് റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളില്ലെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ. ദിലീപ് വര്‍ഷങ്ങളായി തന്റെ സുഹൃത്താണ്. താന്‍ ദിലീപിനെ സഹായിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും അന്‍വര്‍ സാദത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നടി അക്രമിക്കപ്പെട്ടതിന്റെ പിറ്റേന്ന് താന്‍ ദിലീപുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഒരു ഉദ്ഘാടനത്തിന്റെ കാര്യത്തിനായിരുന്നു ഇത്. സംഭവത്തെക്കുറിച്ച് ചോദിച്ചിരുന്നുവെങ്കിലും ഒന്നും അറിയില്ലെന്നായിരുന്നു ദിലീപിന്റെ മറുപടി. പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്തവന്നപ്പോള്‍ ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും തനിക്ക് പങ്കില്ലെന്ന് ദിലീപ് പറഞ്ഞു.
സുഹൃത്തെന്ന നിലയില്‍ തങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്നും എന്നാല്‍ ദിലീപ് തന്നോട് ഒരു സഹായവും ആവശ്യപ്പെട്ടിട്ടില്ലെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു. ദിലീപിന് താന്‍ മാത്രമല്ല സിപിഎമ്മുകാരായ സുഹൃത്തുക്കളുമുണ്ട്. ഏതന്വേഷണവുമായി സഹകരിക്കാനും തയാറാണ്. താന്‍ ദിലീപ് ഫാന്‍സിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നുവെന്നുള്ള പ്രചരണം അടിസ്ഥാന രഹിതമാണ്.
പള്‍സര്‍ സുനിയെ തനിക്ക് യാതൊരു പരിചയവുമില്ലെന്നും നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും ആലുവ തേവരെ പിടിച്ച് സത്യം ചെയ്ത് തന്നോട് ദിലീപ് പറഞ്ഞിട്ടുണ്ട്. ദീലീപ് തന്റെ സുഹൃത്താണ്. പക്ഷേ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അതിനെ ന്യായീകരിക്കാന്‍ കഴിയില്ല. തക്കതായ ശിക്ഷ നല്‍കണം.
ഇരയാക്കപ്പെട്ട നടിയുമായും അവരുടെ കുടുംബമായും തനിക്ക് നല്ല ബന്ധമാണുള്ളത്. ഈ സംഭവമുണ്ടായപ്പോള്‍ നടിയുടെ സഹോദരനെ താന്‍ ഫോണില്‍ വിളിച്ചിരുന്നു. നടിയുടെ പിതാവുമായി തനിക്ക് നല്ല ആത്മബന്ധമുണ്ടായിരുന്നതാണെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: