ന്യൂദല്‍ഹി: കശ്മീരില്‍ ചൈനയുടെ ഇടനില ആവശ്യമില്ലെന്ന് ഇന്ത്യ. കശ്മീര്‍ വിഷയത്തില്‍ പരിഹാരം കാണുന്നതിന് ഇടപെടാന്‍ തയ്യാറാണെന്ന് ചൈന നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഗോപാല്‍ ബഗ്ലേ ഇന്ത്യയുടെ നിലപാട് വീണ്ടും വ്യക്തമാക്കുകയായിരുന്നു.
കശ്മീരിലേത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി വിഷയമാണെന്നും പ്രശ്നം പരിഹരിക്കുന്നതിന് നയതന്ത്ര മാര്‍ഗ്ഗങ്ങള്‍ ലഭ്യമാണെന്നും അത് ഉപയോഗപ്പെടുത്താന്‍ തയ്യാറാണെന്നും ബഗ്ലേ പറഞ്ഞു.
കശ്മീര്‍ വിഷയം പാക്കിസ്ഥാനുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്. വിഷയത്തില്‍ ഒരു മൂന്നാം കക്ഷിയുടെ ഇടനില ആവശ്യമില്ല. കശ്മീരുള്പ്പെട്ട ഇന്ത്യയുടെ പ്രശ്നം അതിര്‍ത്തി കടന്നുള്ള ഭീകരവാദമാണ്. പ്രദേശത്തെ സ്ഥിരതയും സമാധാനവും നഷ്ടപ്പെടുത്തുന്നതിന് കാരണം ഇതേ ഭീകരവാദമാണെന്നും അതിനായി ഒരു പ്രത്യേക രാജ്യം ശ്രമിക്കുന്നുണ്ടെന്നും പാക്കിസ്ഥാനെ എടുത്തു പറയാതെ ബഗ്ലേ ചൂണ്ടിക്കാട്ടി.
തെക്കന്‍ ഏഷ്യയിലെ പ്രധാന രാജ്യങ്ങളാണ് ഇന്ത്യയും പാക്കിസ്ഥാനും. അതുകൊണ്ട് തന്നെ ഇരു രാജ്യങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്ന കശ്മീര്‍ പ്രശ്നം അന്താരാഷ്ട്ര സമൂഹത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെന്ന് ചൈനീസ് വിദേശകാര്യവക്താവ് ഗെംങ് ഷോങ് പറഞ്ഞു. കശ്മീര്‍ അതിര്‍ത്തിയില്‍ നടക്കുന്ന പ്രശ്നങ്ങള്‍ ഇരു രാജ്യങ്ങളിലേയും സമാധാനത്തേയും സ്ഥിരതേയും മാത്രമല്ല ബാധിക്കുക. മേഖലയിലെ തന്നെ സമാധാനത്തിന് കോട്ടം വരുത്തുന്നതിന് കശ്മീര്‍ പ്രശ്നം വഴിവയ്ക്കുമെന്നും പ്രശ്നത്തില്‍ ഇടപെടാന്‍ ചൈന തയ്യാറാണെന്നും ഗെംങ് ഷോങ് വ്യക്തമാക്കിയിരുന്നു.
സിക്കിമില്‍ അടക്കം ചൈനയുടെ ഇടപെടലുകള്‍ സംബന്ധിച്ച് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പ്രതിപക്ഷ കക്ഷികളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ജമ്മു കശ്മീരില്‍ ഏഴ് അമര്‍നാഥ് തീര്‍ഥാടകര്‍ കൊല്ലപ്പെട്ട സംഭവവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്യും. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഈ വിഷയങ്ങളില്‍ പ്രതിപക്ഷത്തിന്റെ പിന്തുണ നേടുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് കൂടിക്കാഴ്ച.
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംബന്ധമായ പ്രശ്നങ്ങളില്‍ പരിഹാരമുണ്ടാക്കുന്നതിന് ഇരു രാജ്യങ്ങള്‍ക്കും ശേഷിയുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം, ഡോക്ലാമില് നിന്ന് സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: