ന്യൂദല്‍ഹി: ദേശീയ ഊര്‍ജനയം (നാഷണല്‍ എനര്‍ജി പോളിസി) നടപ്പിലാക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തന്നെ ഒരു സമിതി രൂപീകരിക്കും. ഊര്‍ജ സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ ഊര്‍ജനയം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്.
കഴിഞ്ഞ ഒന്നര വര്‍ഷം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കു ശേഷം നിതി ആയോഗ് തയാറാക്കിയ ദേശീയ ഊര്‍ജ നയം യുപിഎ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന സംയോജിത ഊര്‍ജ നയത്തിനു പകരമായാണ് അവതരിപ്പിക്കുന്നത്. ക്ലീന്‍ എനര്‍ജി, കുറഞ്ഞ ഇന്ധന ഇറക്കുമതി തുടങ്ങിയ ലക്ഷ്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചു കൊണ്ടാണ് നയം നടപ്പാക്കപ്പെടുകയെന്നും വിലയിരുത്തലുണ്ട്. ഊര്‍ജ സ്വാതന്ത്ര്യം കൈവരിക്കുകയെന്നതിലാവണം നമ്മുടെ പ്രധാന പരിഗണനയെന്ന് മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍കലാം പറഞ്ഞിരുന്നു.
നയത്തില്‍ ഉള്‍പ്പെടുന്ന നിര്‍ദേശങ്ങളിലെ പുരോഗതി നിരീക്ഷിക്കുന്നതിനാണ് സമിതി രൂപീകരണമെന്ന ആശയം മുന്നോട്ടുവെക്കുന്നതെന്നും വിവിധ മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇതിലൂടെ ഏകോപിപ്പിക്കാനാകുമെന്നും നിതി ആയോഗ് വിശദീകരിച്ചു.
നയം നടത്തിപ്പുമായി ബന്ധപ്പെട്ട പ്രധാന മന്ത്രാലയങ്ങളുടെ ചുമതലയുള്ള മന്ത്രിമാരെ സമിതിയില്‍ ഉള്‍പ്പെടുത്തും. വിവിധ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാര്‍ ഉള്‍പ്പെട്ട രണ്ടാമതൊരു സമിതിയും രൂപീകരിക്കും. നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് ആയിരിക്കും ഈ സമിതിക്ക് നേതൃത്വം നല്‍കുക.
എന്‍ഇപി രൂപ രേഖ പ്രകാരം 2017-2040 വരെയുള്ള കാലയളവില്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിന്റെ കാര്യത്തില്‍ വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആളോഹരി ഊര്‍ജ ഉപയോഗവും ആളോഹരി വൈദ്യുതി ഉപയോഗവും ഇരട്ടിയാകുമെന്ന പ്രതീക്ഷകളും നയം പങ്കുവെക്കുന്നു.
നയം നടപ്പിലാക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് വിശാലമായ അവസരങ്ങള്‍ ലഭിക്കുമെന്നും ഈ വിഭാഗത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മത്സരാധിഷ്ഠിതമാകുമെന്നും ഊര്‍ജ സുരക്ഷ ഉറപ്പിക്കാനാകുമെന്നും നയം വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: