കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോ കേസന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കിയതിനെത്തുടര്‍ന്ന് പ്രതീഷ് ചാക്കോ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഇതു പറഞ്ഞത്.
ഹര്‍ജി നാളെ പരിഗണിക്കാന്‍ മാറ്റി. എന്നാല്‍ കോടതി അറസ്റ്റ് തടഞ്ഞിട്ടില്ല. ഇന്നലെ സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് ഹര്‍ജി വന്നപ്പോള്‍ അഭിഭാഷകനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ ബോധിപ്പിച്ചു. സംഭവത്തില്‍ സുനി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കേസിലെ നിര്‍ണായക തെളിവാണ്.
ഇതു കണ്ടെടുക്കേണ്ടതുണ്ട്. ഒളിവില്‍ കഴിഞ്ഞിരുന്ന സുനി ഫെബ്രുവരി 23 ന് അഭിഭാഷകന്റെ ഓഫീസിലെത്തി വക്കീലിനു മൊബൈല്‍ നല്‍കിയെന്ന് മൊഴി നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ കേസില്‍ തെളിവു ലഭിക്കുന്ന മുറയ്ക്ക് പ്രത്യേക കുറ്റപത്രം നല്‍കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന് വാദിച്ചു.
എന്നാല്‍ തന്നെ കഴിഞ്ഞ മാര്‍ച്ച് 16 നും 19 നും പൊലീസ് ഈ കേസില്‍ ചോദ്യം ചെയ്തിരുന്നെന്നും ഇപ്പോള്‍ വീണ്ടും നോട്ടീസ് നല്‍കിയത് തന്നെ കുറ്റവാളി ആക്കാനാണെന്ന് ആശങ്കയുണ്ടെന്നും ഹര്ജിക്കാരന് വാദിച്ചു.
നടിയെ ആക്രമിച്ച കേസില്‍ സുനിയുടെ വക്കാലത്തുണ്ടായിരുന്നു. ഈ കേസില്‍ ഫെബ്രുവരി 23 ന് കീഴടങ്ങാന്‍ എറണാകുളം അഡി. ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ എത്തിയ സുനിയെയും വിജീഷിനെയും കോടതിമുറിക്കുള്ളില്‍ നിന്ന് പൊലീസ് വലിച്ചിറക്കി കൊണ്ടുപോയി അറസ്റ്റു ചെയ്തു.
തുടര്‍ന്ന് സുനി നല്കിയ മൊഴി എന്ന പേരില്‍ പെരുമ്പാവൂര്‍, ആലുവ ഡിവൈ.എസ്.പിമാര്‍ വക്കീല്‍ ആഫീസില്‍ എത്തി മൊബൈല്‍ നല്കാന് ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് അറിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കേസില്‍ വീണ്ടും ചോദ്യം ചെയ്യുന്നത് തന്നെ അറസ്റ്റു ചെയ്യാനാണോയെന്ന് ആശങ്കയുണ്ടെന്നും ഹര്‍ജിയില്‍ പ്രതീഷ് ചാക്കോ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: