കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ ദിലീപിന്റെ സിപിഎം ബന്ധവും ചര്‍ച്ചയാകുന്നു. കേസില്‍ ഗൂഢാലോചനയില്ലെന്ന് പറഞ്ഞ് തുടക്കത്തിലെ അന്വേഷണം വഴിതിരിച്ച് വിടാന്‍ മുഖ്യമന്ത്രി നടത്തിയ നീക്കവും ഇപ്പോഴത്തെ അറസ്റ്റുമാണ് ചര്‍ച്ചയാകുന്നത്. കോണ്‍ഗ്രസ് അനുഭാവിയായിരുന്ന ദിലീപ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിലാണ് സിപിഎം പക്ഷപാതിത്വം പരസ്യമായി പ്രകടിപ്പിച്ച് തുടങ്ങിയത്. സിപിഎം ഭരണത്തില്‍ എത്തിയതു മുതല്‍ പാര്‍ട്ടി തലത്തിലും ഭരണതലത്തിലും ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിച്ചു.
ഇടതുപക്ഷത്തുനിന്ന് മത്സരിച്ച കെ.ബി. ഗണേഷ്കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പത്തനാപുരത്ത് മണിക്കൂറുകളാണ് ദിലീപ് ചെലവഴിച്ചത്. ഒപ്പം നാദിര്‍ഷയും ഉണ്ടായിരുന്നു. ഇടത് സഹയാത്രികനായ മമ്മൂട്ടിയുമായി അടുത്ത ബന്ധമാണ് ദിലീപിന്. അമ്മയുടെ യോഗം നടക്കുമ്പോള്‍ ചില യുവജന സംഘടനകള്‍ മമ്മൂട്ടിയുടെ വീട്ടിലേയ്ക്ക് മാര്‍ച്ച് നടത്തിയത് ഇതിന്റെ ഭാഗമായിട്ടുവേണം കാണാന്‍.
ലിബര്‍ട്ടി ബഷീര്‍ എന്ന അതികായനെ വീഴ്ത്തി തിയറ്റര്‍ ഉടമകളുടെ സംഘടനയെ പൊളിക്കാനും ദിലീപിന് സര്‍ക്കാരിന്റെ പരോക്ഷ പിന്തുണ ഉണ്ടായിരുന്നു. സിപിഎം എറണാകുളം ജില്ലാ കമ്മറ്റി ജൂണ്‍ 5ന് ആലുവയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ദിലീപ് സജീവമായിരുന്നു. പരിസ്ഥിതി ദിനത്തില്‍ പെരിയാറിന് തീരത്ത് ഇല്ലിത്തൈ നടുന്ന പരിപാടിയില്‍ ആയിരുന്നു അത്. ജില്ലാ സെക്രട്ടറി പി. രാജീവ്, മന്ത്രി തോമസ് ഐസക്ക്, ഇന്നസെന്റ് എംപി എന്നിവരും ഈ പരിപാടിക്കുണ്ടായിരുന്നു.
സിനിമാരംഗത്തെ പല സംഭവങ്ങളിലും ദിലീപിന് സിപിഎം പിന്തുണ ലഭിച്ചിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ ദിലീപിന് അനുകൂലമായി സംസാരിച്ച സിനിമാ പ്രവര്‍ത്തകര്‍ സിപിഎം അനുകൂലികളായിരുന്നു. അമ്മയുടെ യോഗത്തില്‍ ദിലീപിന്റെ സംരക്ഷണത്തിന് എത്തിയത് ഇടത് എംഎല്‍എമാരും എംപിയുമാണ്. മമ്മൂട്ടിയും മൗനം പാലിക്കുകയായിരുന്നു. വലിയ വിമര്‍ശനം ഉയര്‍ന്നിട്ടും ദിലീപിനെ തള്ളിപ്പറയാന്‍ ഇന്നസെന്റ് തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്. ദിലീപിന്റെ കോടികളുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലും ചില ഇടത് നേതാക്കള്‍ക്ക് ബന്ധമുള്ളതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: