ക
വരന്തരപ്പിള്ളി : പതിറ്റാണ്ടുകളായി തുടരുന്ന വഞ്ചനക്കെതിരെ കള്ളിച്ചിത്രയിലെ ആദിവാസി സമൂഹം നടത്തുന്ന സമരം കരുത്താര്‍ജ്ജിക്കുന്നു. ആദിവാസി സമരനായികയും എന്‍ഡിഎ നേതാവുമായ സി.കെ ജാനു 15 ന് സമരപ്പന്തലിലെത്തും. മാറി മാറിവന്ന സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിയ വഞ്ചനയില്‍ പൊറുതി മുട്ടിയാണ് കള്ളിച്ചിത്ര കോളനിവാസികള്‍ സമരവുമായി രംഗത്തെത്തിയത്.
കുടില്‍കെട്ടി സമരം അമ്പത് ദിവസത്തിലെത്തി നില്‍ക്കെ അനിശ്ചിതകാല നിരാഹാര സമരവും ആരംഭിച്ചിരിക്കയാണ് സമരസമിതി.
തൃശൂര്‍ ജില്ലയുടെ കിഴക്കന്‍ മലയോര പ്രദേശങ്ങളിലെ ആദിവാസി ഊരുകളാണ് കള്ളിച്ചിത്ര, കമരംപിള്ളി, വല്ലൂര്‍ എന്നിവ. ചിമ്മിനിഡാം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചിമ്മിനി വനമേഖലയില്‍ നിന്നും വരന്തരപ്പിള്ളിയിലെ നടാംമ്പാടത്തേക്ക് മാറ്റി പാര്‍പ്പിക്കപ്പെട്ട ആദിവാസി സമൂഹമാണ് കള്ളിച്ചിത്ര കോളനിവാസികള്‍. കുടിയൊഴിപ്പിക്കപ്പെടുന്ന സമയത്ത് ഓരോ കുടുംബത്തിനും 1 ഏക്കര്‍ വീതം ഭൂമിയും ഓരോ കുടുംബത്തില്‍ നിന്നും ഒരാള്‍ക്ക് വീതം സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് പ്രകാരം സര്‍ക്കാര്‍ ജോലിയും, പൊതു ആവശ്യത്തിന് മൂന്ന് ഏക്കര്‍ ഭൂമിയും, ക്ഷേത്ര നിര്‍മ്മാണത്തിനുള്ള ഫണ്ടും അനുവദിക്കാം എന്നായിരുന്നു കരാര്‍.
എന്നാല്‍ ഓരോ കുടുംബത്തിനും 9 സെന്റ് വീതം ഭൂമി മാത്രം കൊടുത്തുകൊണ്ട് നൂറ്റാണ്ടുകളായി അധിവസിച്ചിരുന്ന സ്ഥലത്തു നിന്നും നിഷ്കരുണം കുടിയിറക്കി. 1986ല്‍ ആരംഭിച്ച കള്ളിച്ചിത്ര ആദിവാസികളുടെ പുനരധിവാസ സമരം 1992ല്‍ അന്നത്തെ സര്‍ക്കാരുമായുണ്ടാക്കിയ ഉടമ്പടിപ്രകാരം നിര്‍ത്തിവെക്കുകയും നടാമ്പാടം എന്ന സ്ഥലത്ത് പതിനേഴ് കുടുംബങ്ങള്‍ക്ക് 65 സെന്റ് ഭൂമി മാത്രം അനുവദിച്ചുകൊണ്ട് ബാക്കിയുള്ള ഉടമ്പടി വ്യവസ്ഥകള്‍ ഉടന്‍ അനുവദിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.
സര്‍ക്കാരിന്റെ ഉറപ്പുകള്‍ ഇപ്പോഴും ചുവപ്പുനാടയില്‍ കുരുങ്ങി കിടക്കുകയാണ്. മൂന്നു ഘട്ടങ്ങളിലായി നടത്തിയ പുനരധിവാസ സമരത്തിലും സര്‍ക്കാര്‍ നല്‍കിയിരുന്ന ഉറപ്പുകള്‍ കബളിപ്പിക്കലാണെന്ന തിരിച്ചറിവില്‍ ഉടമ്പടി വ്യവസ്ഥകളുമായി കോളനിവാസികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2016 ജൂണ്‍ 14ന് ആദിവാസി സമൂഹത്തിന്റെ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ചുകൊണ്ട് വിധിവന്നു. ആറുമാസത്തിനകം അതായത് 2016 നവംബര്‍ 16നു മുന്‍പ് ആദിവാസികള്‍ക്ക് അര്‍ഹതപ്പെട്ടത് പൂര്‍ണ്ണമായും നല്‍കണമെന്ന ഹൈക്കോടതി വിധിയും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.
ചില പ്രാദേശിക പാര്‍ട്ടി നേതാക്കളല്ലാതെ ഉന്നത പദവിയിലുള്ള നേതാക്കളാരും ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടുപോലുമില്ല. സ്ഥലം എംഎല്‍എ കൂടിയായ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഇതൊന്നും അറിഞ്ഞ മട്ടില്ല. എന്ത് വിലകൊടുത്തും തങ്ങള്‍ക്ക് അവകാശപ്പെട്ടത് നേടിയെടുക്കാന്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പടെയുള്ള സമരരംഗത്താണ്.
ഊരുമൂപ്പന് എം.കെ. ഗോപാലന്, സമരസമിതി കോര്‍ഡിനേറ്റര്‍ എം.എന്‍. പുഷ്പന്, സജീവന് കള്ളിച്ചിത്ര, എം.എന്‍. പ്രേംജി, എം.വി. സുന്ദരന്‍ എന്നിവര്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: