ന്യൂദല്‍ഹി: കശാപ്പിനുവേണ്ടി കന്നുകാലികളെ ചന്തകളില്‍ വില്‍ക്കുന്നത് നിയന്ത്രിച്ചുള്ള കേന്ദ്ര വിജ്ഞാപനം മൂന്നുമാസത്തേക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു. കേന്ദ്രം പുതിയ വിജ്ഞാപനം തയ്യാറാക്കുന്നുണ്ടെന്നും നിലവിലെ വിജ്ഞാപനത്തിന് സ്റ്റേ ആവാമെന്നുമുള്ള കേന്ദ്രനിലപാട് കൂടി കണക്കിലെടുത്താണ് കോടതി ഉത്തരവ്.
കേന്ദ്ര വിജ്ഞാപനം നേരത്തെ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഇതാണ് സുപ്രീംകോടതി അംഗീകരിച്ചത്. മൂന്നുമാസത്തിനകം മാറ്റം വരുത്തിയ വിജ്ഞാപനം പുറത്തിറക്കുമെന്നും ഇതുസംബന്ധിച്ച എല്ലാ പരാതികളും പരിഹരിക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.
വിജ്ഞാപനം പുതുക്കിയ ശേഷവും പരാതിയുണ്ടെങ്കില്‍ കോടതിയെ അറിയിക്കാമെന്ന് സുപ്രീംകോടതി ഹര്‍ജിക്കാരോട് വ്യക്തമാക്കി. ആഗസ്ത് അവസാനത്തോടെ പുതിയ വിജ്ഞാപനം പുറത്തിറങ്ങുമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.അറവുമാടുകളെ കാര്‍ഷിക വിപണികളില്‍ വില്‍ക്കുന്നത് തടയുന്ന വിജ്ഞാപനം മെയ് 23നാണ് പുറത്തിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: