ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ ഏഴ് അമര്‍നാഥ് തീര്‍ത്ഥാടകരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നില്‍ പാക്ക് ബന്ധമുള്ള ഇസ്ലാമിക ഭീകര സംഘടനയായ ലക്ഷ്‌കര്‍ ഇ തൊയ്ബ.
പാക് ഭീകരന്‍ ഇസ്മയിലാണ് ആക്രമണത്തിന്റെ സൂത്രധാരനെന്നും പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട തീര്‍ത്ഥാടകര്‍ ഗുജറാത്ത്, മഹാരാഷ്‌ട്ര സ്വദേശികളാണ്. 19 പേര്‍ക്ക് പരിക്കേറ്റു. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സിനുനേരെ അനന്തനാഗ് ജില്ലയില്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
അക്രമത്തില്‍ പ്രതിഷേധിച്ച് വിഎച്ച്പി, ജമ്മു ആന്‍ഡ് കശ്മീര്‍ നാഷണല്‍ പാന്തേഴ്‌സ് പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകള്‍ ജമ്മുവില്‍ ബന്ദ് ആചരിച്ചു.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കരസേനാ മേധാവി ബിപിന്‍ റാവത്ത് കശ്മീര്‍ സന്ദര്‍ശിച്ചു.
മന്ത്രിമാരായ ഹന്‍സ് രാജ് ഗംഗാറാം ആഹിര്‍, ജിതേന്ദ്ര സിങ് എന്നിവരെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തേക്ക് അയച്ചു. കേന്ദ്രമന്ത്രിമാര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായി കൂടിക്കാഴ്ച നടത്തി. അടിയന്തര മന്ത്രിസഭായോഗവും മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തു.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ആറ് ലക്ഷവും പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷവും ജമ്മു കശ്മീര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഗുജറാത്ത്, മഹാരാഷ്‌ട്ര സര്‍ക്കാരുകള്‍ തങ്ങളുടെ സംസ്ഥാനത്തുള്ളവര്‍ക്ക് പത്ത് ലക്ഷവും രണ്ട് ലക്ഷം വീതവും പ്രഖ്യാപിച്ചിട്ടുണ്ട്. ബസ്സിലുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ അവസരോചിതമായി ഇടപെട്ട ഡ്രൈവര്‍ സലിമിന് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ നല്‍കും.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സാഹചര്യം വിലയിരുത്തി. ആക്രമണം സംബന്ധിച്ച് ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. മറ്റ് തീര്‍ത്ഥാടകരുടെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ ഉദ്യോഗസ്ഥരെ ശ്രീനഗറിലേക്ക് അയച്ചിട്ടുണ്ട്.
17 പ്രതിപക്ഷ പാര്‍ട്ടികള്‍ അക്രമത്തെ അപലപിച്ച് പ്രമേയം പാസാക്കി. മുന്നറിയിപ്പുണ്ടായിട്ടും തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി പ്രതിപക്ഷം ആരോപിച്ചു. സുരക്ഷാ വീഴ്ചയുണ്ടായതായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലും കുറ്റപ്പെടുത്തി. എന്നാല്‍ ആരോപണം ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് നിഷേധിച്ചു.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ക്ക് ഹസീനയും ഭീകരാക്രമണത്തെ അപലപിച്ചു. ബസ് അമര്‍നാഥ് ക്ഷേത്ര ബോര്‍ഡുമായി ബന്ധപ്പെട്ടതല്ലെന്നും സമയം കഴിഞ്ഞും രാത്രി സഞ്ചരിച്ചതായും പോലീസ് പറഞ്ഞു. ഭീകരാക്രമണത്തിനിടയിലും തീര്‍ത്ഥാടനം തടസ്സപ്പെട്ടിട്ടില്ല. മൂവായിരം തീര്‍ത്ഥാടകര്‍ ഇന്നലെ ജമ്മുവില്‍ നിന്നും അമര്‍നാഥിലേക്ക് പുറപ്പെട്ടു.
















