രാഷ്‌ട്രീയം പൊതുസേവനമാണെന്ന് ഓര്‍മ്മപ്പെടുത്തല്‍
ആലപ്പുഴ: വിപ്‌ളവ കേരളത്തിന്റെ നായികയ്‌ക്ക് പിറന്നാള്‍ ആഘോഷം പതിവു പോലെ. ആലപ്പുഴക്കാരുടെ കുഞ്ഞമ്മ ആരെയും പിറന്നാള്‍ ആഘോഷത്തിന് ക്ഷണിക്കാറില്ല.
എന്നാല്‍ ഭരണകര്‍ത്താക്കളും രാഷ്‌ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരും അല്ലാത്തവരും പാര്‍ട്ടി പ്രവര്‍ത്തകരും പിറന്നാള്‍ ദിനം രാവിലെ തന്നെ ആശംസകളും ഉപഹാരങ്ങളുമായി കളത്തിപറമ്പ് വീട്ടിലെത്തി. കുളിച്ചൊരുങ്ങി തന്റെ പ്രീയപ്പെട്ട കൃഷ്ണന്റെ പ്രതിമയില്‍ മാല ചാര്‍ത്തിയാണ് തൊണ്ണൂറ്റിയെട്ടാം പിറന്നാള്‍ ആഘോഷത്തിന് ഗൗരിയമ്മ തുടങ്ങിയത്.
തുടര്‍ന്ന് കേക്ക് മുറിച്ച് എല്ലാവര്‍ക്കും നല്‍കി. ഇത്തവണ പിറന്നാള്‍ ആഘോഷ വേദിയില്‍ അരമണിക്കൂറോളം തീപ്പൊരി പ്രസംഗം നടത്തുകയും ചെയ്തു. പുതുതലമുറ എന്നും ഓര്‍ത്തുവെയ്‌ക്കേണ്ട ഒരു പിടി കാര്യങ്ങളാണ് ഗൗരിയമ്മ പറഞ്ഞത്.
‘രാഷ്‌ട്രീയം പൊതുസേവനത്തിനുള്ളതാണെന്ന കാര്യം രാഷ്‌ട്രീയക്കാര്‍ മറക്കരുത്. നിയമസഭയിലെത്തി സംസാരിച്ച് സമയം കളഞ്ഞിട്ട് കാര്യമില്ല, ജനങ്ങളുടെ കാര്യത്തില്‍ രാഷ്‌ട്രീയം മറന്ന് എല്ലാവരും ഒന്നിച്ച് നില്‍ക്കണം. ഏല്‍പ്പിക്കുന്ന ജോലി അവരവരുടെ കഴിവ് അനുസരിച്ച് ചെയ്ത് തീര്‍ക്കാന്‍ പഠിക്കണമെന്നും’ ഗൗരിയമ്മ പറഞ്ഞു.
1946 മുതലുള്ള രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലെ ചരിത്രം മുഴുവന്‍ പറഞ്ഞാണ് ഗൗരിയമ്മ പ്രസംഗം നിര്‍ത്തിയത്. തുടര്‍ന്ന് അമ്പലപ്പുഴ പാല്‍പ്പായസത്തിനൊപ്പം വിഭവ സമൃദ്ധമായ സദ്യ എല്ലാവര്‍ക്കും വിളമ്പി, എല്ലാവരുടെയും അടുത്തെത്തി എല്ലാ വിഭവങ്ങളും കിട്ടിയോയെന്ന് ഗൗരിയമ്മ ഉറപ്പാക്കുക മാത്രമല്ല, കുശലം പറയുകയും ചെയ്തു.
മന്ത്രി എ.കെ. ബാലന്‍, കാനം രാജേന്ദ്രന്‍, സിഎംപി നേതാവ് അരവിന്ദാക്ഷന്‍, സിപിഎം നേതാവ് എം. വിജയകുമാര്‍, കേരളാ കോണ്‍ഗ്രസ് നേതാവ് ജോണിനെല്ലൂര്‍, കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍ തുടങ്ങിയവര്‍ വീട്ടിലെത്തി ഗൗരിയമ്മയ്‌ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
















